Showing posts with label muslim. Show all posts
Showing posts with label muslim. Show all posts

Saturday, June 29, 2013

പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിന് പക്വത മാനദണ്ഡമാക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് മുസ്‌ലിം സംഘടനകള്‍ക്ക് യോജിച്ച അഭിപ്രായം. പ്രായം കൊണ്ട് നിജപ്പെടുത്തി വിവാഹപ്രായം നിശ്ചയിച്ച് നിയമമാക്കുന്നത് ശരിയല്ലെന്നാണ് മുസ്‌ലിം സംഘടനകളുടെ പൊതു അഭിപ്രായം. വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ 16 വയസ്സ് മതിയെന്ന നിയമം കൊണ്ടുവരികയാണെങ്കില്‍ അത് നല്ലതാണെന്ന അഭിപ്രായമാണുള്ളതെന്ന് അഖിലേന്ത്യാ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
വിവാഹത്തിന് സമയപരിധി നിശ്ചയിക്കുന്നത് ശരിയല്ലെന്നും ശാരീരികമായി പക്വതയെത്തിയാല്‍ വിവാഹമാകാമെന്നും എസ് വൈ എസ്. ഇ കെ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. വിവാഹ പ്രായം 18 വയസ്സാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ലോകത്ത് ഒരിടത്തും ഇത്തരം നിയമം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ജനാധിപത്യരാജ്യത്ത് വിവാഹ പ്രായത്തിന് വയസ്സ് നിര്‍ണയിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. 16 വയസ്സായ സ്ത്രീയും പുരുഷനും തമ്മില്‍ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലാത്ത രാജ്യത്ത് വിവാഹത്തിന് പതിനെട്ട് വയസ്സ് വേണമെന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹപ്രായം 18 വയസ്സാക്കുന്നതിനോട് യോജിക്കാനാകില്ലെന്നും സ്ത്രീക്കും പുരുഷനും ശാരീരികവും മാനസികവുമായി പക്വതയെത്തുന്നതാണ് വിവാഹപ്രായമെന്നും ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അടുത്തിടെ പുറത്തു വന്ന കോടതിവിധികള്‍ ബന്ധപ്പെട്ടവര്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് തനിക്കുള്ള അഭിപ്രായം നേരത്തെ തന്നെ പ്രകടിപ്പിച്ചതാണെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നതിടെ സിറാജിനോട് പ്രതികരിക്കുകയായിരുന്നു മുസ്‌ലിം സംഘടനാ നേതാക്കള്‍.




Related Posts with Thumbnails