Gulf Siraj Newsയു.എ.ഇ നിയമങ്ങളെക്കുറിച്ചും ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ബോധവത്കരണം ലക്ഷ്യമിട്ട്‌ അബൂദാബി പോലീസും സിറാജ്‌ ദിനപത്രവും അബൂദാബി പോലീസ്‌ ആസ്ഥാനത്ത്‌ ധാരണാപത്രത്തിൽ ഒപ്പ്‌ വെക്കുന്നു. തൗഫീഖ്‌ പബ്ളിക്കേഷൻസ്‌ ചെയർമാൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സിറാജ്​‍്‌ എഡിറ്റർ ഇൻ-ചാർജ്‌ കെ.എം അബാസ്‌, വൈ.സുധീർ കുമാർഷെട്ടി ചടങ്ങിൽ പങ്കെടുത്തു
ഗള്‍ഫ്‌ സിറാജിനെ സംബന്ധിച്ചിടത്തോളം ചരിത്ര മുഹൂര്‍ത്തമാണ്‌. യു എ ഇ ആഭ്യന്തര മന്ത്രാലയവും സിറാജ്‌ ദിനപത്രവും ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നു. അതിന്‌ സാക്ഷിയായത്‌ പ്രഗത്ഭമതികള്‍. അബുദാബി പോലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങ്‌ ഇന്നലെ രാവിലെ 10.30നായിരുന്നു. അബുദാബി പോലീസ്‌ ജനറല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ ഫിനാന്‍ഷ്യല്‍ ആന്‍ഡ്‌ സര്‍വീസസ്‌ ഡയറക്‌ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഖലീല്‍ ദാവൂദ്‌ ഭദ്രാന്‍, സിറാജ്‌ ദിനപത്രം ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മീഡിയാ മേധാവി ലെഫ്‌. കേണല്‍ ഫവാസ്‌ ഖലീല്‍ ഭദ്രാന്‍ അല്‍ കറാഈന്‍, മുരളി നായര്‍, സിറാജ്‌ ദിനപത്രം ജനറല്‍ മാനേജര്‍ ശരീഫ്‌ കാരശ്ശേരി, എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ കെ എം അബ്ബാസ്‌, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ സി അബ്‌ദുല്‍ ഖാദര്‍, യു എ ഇ എക്‌സ്‌ചേഞ്ച്‌ സി ഒ ഒ സുധീര്‍കുമാര്‍ ഷെട്ടി, സിറാജ്‌ ഡയറക്‌ടര്‍മാരായ അശ്‌റഫ്‌ ഹാജി, ഉസ്‌മാന്‍ സഖാഫി തിരുവത്ര, മുസ്‌തഫ ദാരിമി, ബഷീര്‍ ഹാജി, മുനീര്‍ പാണ്ട്യാല തുടങ്ങിയവര്‍ പങ്കെടുത്തു. സിറാജ്‌ ദിനപത്രത്തിനു വേണ്ടി കെ എം അബ്ബാസും ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടി ലെഫ്‌. ഖാലിദ്‌ സഈദ്‌ അല്‍ ശംസിയുമാണ്‌ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്‌.

സത്യസന്ധമായി വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുന്ന മാധ്യമങ്ങള്‍ രാജ്യപുരോഗതിക്ക്‌ അനിവാര്യമാണെന്ന്‌ ഖലീല്‍ ദാവൂദ്‌ ഭദ്രാന്‍ പറഞ്ഞു. യു എ ഇയിലെ ഇന്ത്യാക്കാരെ തദ്ദേശീയരെപ്പോലെ തന്നെയാണ്‌ യു എ ഇ ഭരണകൂടം കണക്കാക്കുന്നത്‌. ഇവിടെയുള്ള എല്ലാ രാജ്യക്കാരുടെയും പുരോഗതി ഭരണകൂടം കാംക്ഷിക്കുന്നു. നിയമ പരമായി താമസിക്കുന്നവര്‍ക്ക്‌ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്‌. വളഞ്ഞവഴി ഉപയോഗിക്കുന്നവര്‍ക്കു മാത്രമാണ്‌ പ്രശ്‌നമുള്ളത്‌. സിറാജും യു എ ഇ ആഭ്യന്തര മന്ത്രാലയവും തമ്മിലെ ധാരണാപത്രം ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ കവാടമാണ്‌ തുറക്കുന്നതെന്നും ഖലീല്‍ ഭദ്രാന്‍ അഭിപ്രായപ്പെട്ടു. യു എ ഇ സര്‍ക്കാര്‍ ഇവിടെയുള്ള ഇന്ത്യാക്കാരോട്‌ കാട്ടുന്ന ചുമതല അങ്ങേയറ്റം വിലമതിക്കുന്നുവെന്ന്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. യു എ ഇ നിയമങ്ങള്‍ അനുസരിക്കാന്‍ ഇവിടെയുള്ള ഏതൊരു രാജ്യക്കാരും ബാധ്യസ്ഥരാണെന്ന ബോധവത്‌കരണം സിറാജ്‌ ദിനപത്രം ഏറ്റെടുക്കും. നിയമം ലംഘിക്കാതെ മുന്നോട്ടു പോകാന്‍ വായനക്കാരെ പ്രേരിപ്പിക്കും. സിറാജ്‌ അതിന്റെ വായനക്കാരോടും യു എ ഇ നിയമ വ്യവസ്ഥയോടും ഉള്ള ഉത്തരവാദിത്തം നിറവേറ്റുമെന്നും കാന്തപുരം പറഞ്ഞു.

ലോകത്തില്‍ ഏറ്റവും സുരക്ഷിതവും സന്തോഷകരവുമായി ജീവിക്കാനുള്ള രാജ്യമായി യു എ ഇയെ മാറ്റിയെടുക്കാന്‍, സവിശേഷ രീതിയില്‍ വാര്‍ത്താ മാധ്യമങ്ങളുമായി യു എ ഇ ആഭ്യന്തര മന്ത്രാലയം കൈക്കോര്‍ക്കുകയാണെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ആദ്യപടിയായി സിറാജ്‌ മലയാളം ദിനപത്രവും യു എ ഇ ആഭ്യന്തര മന്ത്രാലയവും ഇന്ന്‌ ധാരണാപത്രം ഒപ്പിട്ടു. ഏത്‌ സംരംഭത്തിനും ഒരു നായകത്വം ആവശ്യമുണ്ട്‌. ശരിയായ ദിശയിലേക്ക്‌ കാര്യങ്ങള്‍ എത്തിക്കാനും ലക്ഷ്യം കാണാനും ആ നായകത്വത്തിന്‌ പൂര്‍ണമായ കാഴ്‌ചപ്പാടുണ്ടാകണം. യു എ ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ്‌ ഹൈനസ്‌ ശൈഖ്‌ സൈഫ്‌ ബിന്‍ സായിദ്‌ അല്‍ നഹ്‌യാനാണ്‌ അതിന്റെ മികച്ച ഉദാഹരണം. അദ്ദേഹമാണ്‌, ഏറ്റവും നവീനമായ ഈ ആശയ വിനിമയ പദ്ധതിയുടെ ഉപജ്ഞാതാവ്‌. വ്യത്യസ്‌ത സമൂഹങ്ങളോട്‌ അവരുടേതായ രീതിയില്‍ പാരസ്‌പര്യം പുലര്‍ത്തുകയെന്ന പദ്ധതിയാണിത്‌. യു എ ഇയുടെ ഭൂമിശാസ്‌ത്രപരമായ ജനസംഖ്യാ സന്തുലിതത്വം പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തം. മഹാഭൂരിപക്ഷം ഇന്ത്യക്കാരാണ്‌. അതില്‍ മലയാളികളുടെ സാന്നിധ്യം കൂടുതലാണ്‌. ഏതാണ്ട്‌ 15 ലക്ഷം ഇന്ത്യക്കാര്‍ യു എ ഇയിലുണ്ടെന്നാണ്‌ കണക്ക്‌. അവരുടെ സര്‍ഗാത്മകമായ പങ്കാളിത്തം ഈ രാജ്യത്തിന്‌ അനിവാര്യം. അതിനുവേണ്ടി അവരുമായി ആശയവിനിമയം നടത്തണം. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ഇരുകൂട്ടരും പിന്തുണയും സ്വാധീനവും ഉറപ്പുവരുത്തണം. എന്നാല്‍, മാത്രമേ യു എ ഇയെ ഏറ്റവും സുരക്ഷിത രാജ്യമാക്കി മാറ്റാന്‍ കഴിയുകയുള്ളൂ. മലയാളികളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തണമെന്ന്‌ ഹിസ്‌ ഹൈനസ്‌ ആഗ്രഹിക്കുന്നു. സിറാജ്‌ ദിനപത്രവും ആഭ്യന്തര മന്ത്രാലയവും കൈകോര്‍ക്കുന്നത്‌ അതിനു വേണ്ടിയാണ്‌. ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലെ വിവിധ വകുപ്പുകളുമായി സംവദിക്കാന്‍ സിറാജ്‌ സാഹചര്യം സൃഷ്‌ടിക്കും. യു എ ഇ നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥകളും സിറാജ്‌ അവരിലേക്ക്‌ എത്തിക്കും. ഈ രാജ്യത്തെ ഇന്ത്യക്കാര്‍, വിശേഷിച്ച്‌ മലയാളികള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമായ കാര്യങ്ങളാണവ. ഗതാഗത നിയമങ്ങള്‍, താമസ കുടിയേറ്റ നിയമങ്ങള്‍ തുടങ്ങി വിദേശികളെ സംബന്ധിച്ച്‌ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്‌ സിറാജ്‌ പ്രതിപാദിക്കുക. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കുക, അനധികൃത താമസക്കാരെ ഒഴിവാക്കുക, ഭവനങ്ങള്‍, വിദ്യാലയങ്ങള്‍, റോഡുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ കൈകാര്യം ചെയ്യും. ആഭ്യന്തര മന്ത്രാലയത്തെ സംബന്ധിച്ചാണെങ്കില്‍, മനുഷ്യാവകാശ വകുപ്പ്‌, സാംസ്‌കാരിക നിയമ പരിരക്ഷാ വിഭാഗം, ജനമൈത്രി പോലീസ്‌, തടവുകാരുടെ പുനരധിവാസ ഫണ്ട്‌ തുടങ്ങി വിദേശികളുമായി ഏറെ ബന്ധപ്പെട്ട വിഷയങ്ങളാണ്‌ ജനങ്ങളിലെത്തിക്കുക. ലോകത്ത്‌ ഒരിടത്തും ഇത്തരമൊരു സംരംഭം ചൂണ്ടിക്കാണിക്കാനാകില്ല. സിറാജ്‌ ദിനപത്രത്തിന്‌ ദുബൈക്കു പുറമെ കേരളത്തില്‍ അഞ്ച്‌ എഡിഷനുണ്ട്‌. ഇവിടെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ കേരള എഡിഷനുകളില്‍ പ്രത്യക്ഷപ്പെടും. അതിലൂടെ ഇവിടത്തെ നിയമ വ്യവസ്ഥകളെക്കുറിച്ച്‌ കേരളത്തിലും ബോധവത്‌കരണമുണ്ടാകും. യു എ ഇയില്‍ തങ്ങളുടെ ഉറ്റവരുടെ പരിരക്ഷ എങ്ങിനെ സാധ്യമാകുന്നുവെന്നും യു എ ഇ സംസ്‌കാരവും നിയമനടപടിക്രമങ്ങള്‍ എന്താണെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ബോധ്യമാകും. ആഭ്യന്തര മന്ത്രാലയത്തിന്റെ പരീക്ഷണ സംരംഭമാണിത്‌. മാധ്യമങ്ങളുമായി സഹകരിച്ചുള്ള ആശയവിനിമയ പരിപാടി. ഭാവിയില്‍ കൂടുതല്‍ പത്രങ്ങളും ചാനലുകളും റേഡിയോകളും മറ്റും സഹകരിക്കും. വാര്‍ത്താ വിനിമയങ്ങള്‍ക്ക്‌ അതിരുകളില്ലാത്ത ലോകത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ്‌ മാധ്യമങ്ങളുടെ ധര്‍മം. അതുകൊണ്ടുതന്നെ ജനങ്ങളിലേക്ക്‌ ശരിയായ സന്ദേശം എത്തിക്കേണ്ടതും കുറ്റകൃത്യവും അഴിമതിയും ഇല്ലാത്ത സമൂഹം സൃഷ്‌ടിക്കേണ്ടതും അത്യാവശ്യമാണ്‌. ഹിസ്‌ ഹൈനസ്‌ ഓഫീസിലെ സെക്രട്ടറി ജനറല്‍ മേജര്‍ ജനറല്‍ നാസര്‍ അല്‍ നുഐമിയുടെ നേരിട്ടുള്ള നിര്‍ദേശത്തില്‍ ഹിസ്‌ ഹൈനസ്‌ ഓഫീസിലെ മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റാണ്‌ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുക.


www.sirajnews.com
www.ssfmalappuram.com
Related Posts with Thumbnails