Thursday, April 26, 2012

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഔദ്യോഗിക മേഖലകളില്‍ ഇടം പിടിക്കുന്നത് തടയണം: കാന്തപുരം

പത്തനംതിട്ട: ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഔദ്യോഗിക മേഖലകളില്‍ ഇടം പിടിക്കുന്നതാണ് അഴിമതിയും സ്വജന പക്ഷപാതവും വ്യാപിക്കുവാന്‍ കാരണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന കേരളയാത്രക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്റെ സൗകര്യങ്ങള്‍ ദുരുപയോഗപ്പെടുത്തുന്ന ഇത്തരക്കാര്‍ അവകാശങ്ങളും അവസരങ്ങളും അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നു. സര്‍ക്കാറുകളും പൊതുജനങ്ങളുമായുള്ള ബന്ധം മോശമാക്കുന്നതിലും ഇവര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ക്രമസമാധാന നിയമപാലന രംഗത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ എത്തുന്നതിനെ കുറിച്ച് കോടതികള്‍ തന്നെ ശക്തമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളിലും മതസാമൂദായിക സംഘട്ടനങ്ങളിലും ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പലപ്പോഴും സംഘര്‍ഷങ്ങളെ നിയന്ത്രിക്കാനല്ല മറിച്ച് അവയുടെ ആഘാതം വര്‍ദ്ധിപ്പിക്കാനാണ് കാരണമാവുന്നത് .



സാങ്കേതിക മുന്നേറ്റങ്ങള്‍ മനുഷ്യന്റെ പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്. അവയില്‍ നിന്ന് പുറം തിരിഞ്ഞ് നില്‍ക്കാനാവില്ല. എന്നാല്‍ യന്ത്രം മനുഷ്യനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാവരുത്. ജീവിതത്തെ മുന്നോട്ടു നയിക്കാനുതകുന്ന ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പുതിയ വിവരസാങ്കേതിക വിദ്യകളുടെ ദുരുപയോഗം ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. തെറ്റായ അവബോധങ്ങളാണ് പലപ്പോഴും ഇവ പ്രചരിപ്പിക്കുന്നത്. നിയന്ത്രണമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളില്‍ കുറ്റവാസന വര്‍ദ്ദിപ്പിക്കുന്നുവെന്ന് സൈബര്‍ സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.



സമൂഹത്തിന്റെ ഭാവിയെ തന്നെ അപകടമാക്കുന്ന പ്രവണതകളാണിവ. കുട്ടികള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ ബോധവത്കരണം ഉണ്ടാവണം. പാഠ്യപദ്ധതികള്‍ ധാര്‍മ്മിക വത്കരിക്കണം. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാനുള്ള സംവിധാനങ്ങല്‍ അടിയന്തിരമായി ഏര്‍പ്പെടുത്തണം. നിരോധനമല്ല നിയന്ത്രണമാണാവശ്യം - കാന്തപുരം പറഞ്ഞു.


CLICK HERE FOR MORE NEWS AND PICTURES







1 comment:

Pheonix said...

എങ്കില്‍ ചേകന്നൂര്‍ മൌലവി കേസില്‍ പിടിവീഴാനിരുന്ന കാന്തപുരം ഈ സ്ഥാനത്ത്‌ ഇരിക്കാമോ?

Related Posts with Thumbnails