Wednesday, July 27, 2011

റമദാനെ വരവേല്ക്കാന് ഇരുഹറമുകളും ഒരുങ്ങി.


ജിദ്ദ: വിശുദ്ധ റമദാനെ വരവേല്ക്കാന് ഇരുഹറമുകളും ഒരുങ്ങി. വിപുലമായ സജ്ജീകരണങ്ങളാണ് ഇരുഹറം കാര്യാലയത്തിന് കീഴില് പൂര്ത്തിയാക്കിയിട്ടുള്ളത്. മസ്ജിദുല് ഹറാമില് തീര്ഥാടകരുടെ സേവനത്തിനായി 4000ത്തിലധികം ആളുകളെ നിയോഗിച്ചിട്ടുണ്ട്. തീര്ഥാടകരെ ബോധവത്കരിക്കുന്നതിനും ആവശ്യമായ മതവിധികള് നല്കുന്നതിനും സംശയ നിവാരണത്തിനും പ്രത്യേക സംവിധാനങ്ങള് ഇത്തവണയും ഉണ്ടാവും. പഠന ക്ലാസുകള്ക്കായി പണ്ഡിതന്മാരെ ചുമതലപ്പെടുത്തിയിരിക്കയാണ്.

ഹറമിനകത്തും പുറത്തും കൂടുതല് സ്ഥലങ്ങളില് 'സംസം' ഒരുക്കുന്നതിനുള്ള നടപടികള് പൂര്ത്തിയായി. പരാതികള് സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പിന് കെമാറി അപ്പപ്പോള് അവ പരിഹരിക്കാനും 400ഓളം ഉദ്യോഗസ്ഥര് രംഗത്തുണ്ടാകും. വികലാംഗര്ക്കും അവശര്ക്കും കൂടുതല് ഉന്തുവണ്ടികള് ഒരുക്കിയിട്ടുണ്ട്. ഹറമിന്റെ വിശുദ്ധി കളങ്കപ്പെടുത്തുന്ന പ്രവര്ത്തനങ്ങളിലേര്പ്പെടുക, പള്ളിക്കകത്ത് കിടന്നുറങ്ങുക, വഴിതടസ്സമുണ്ടാക്കുക, അനുവദീയമല്ലാത്ത ഭക്ഷ്യവസ്തുക്കള് ഹറമിനുള്ളിലേക്ക് കടത്തുക തുടങ്ങിയവ നിരീക്ഷിക്കാനും മാര്ഗനിര്ദേശം നല്കാനും തിരക്ക് നിയന്ത്രിക്കാനും പ്രത്യേക വിഭാഗത്തെ നിശ്ചയിച്ചിട്ടുണ്ട്.

ശുചീകരണ ജോലികള്ക്കായി പതിവ്പോലെ കൂടുതല് തൊഴിലാളികളുണ്ടാവും. പ്രാഥമിക ശുശ്രൂഷ നല്കുന്നതിന് ഹറമിന്റ വിവിധ ഭാഗങ്ങളിലായി അടിയന്തര മെഡിക്കല് സെന്ററുകള്, ആംബുലന്സ് സെന്ററുകള് എന്നിവ പ്രവര്ത്തിക്കും. ഹറമിനകത്തെ മുഴുസമയം പ്രവര്ത്തിക്കുന്ന അഞ്ച് മെഡിക്കല് സെന്ററുകള്ക്ക് പുറമെയാണിത്. ഹറം സുരക്ഷ സേനക്ക് കീഴിലും ആവശ്യമായ നടപടികള് പൂര്ത്തിയാക്കികഴിഞ്ഞു.

പ്രവാചക നഗരിയില് മസ്ജിദുന്നബവിയില് റമദാനിലേക്ക് ആവശ്യമായ ഒരുക്കങ്ങള് പൂര്ത്തിയായതായി മസ്ജിദുന്നബവി കാര്യാലയം പബ്ലിക് റിലേഷന് ഓഫീസ് മേധാവി അബ്ദുല്വാഹിദ് അല് ഹത്താബ് വിശദീകരിച്ചു.

റമദാനില് 30ലക്ഷം പേര് മദീന സന്ദര്ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരം ജോലിക്കാര്ക്ക് പുറമെ സീസണ് ജോലിക്കായി 1000ഓളം പേരെ നിയമിച്ചിട്ടുണ്ട്. കിഴക്കെ മുറ്റത്ത് സ്ത്രീകള്ക്കായുള്ള അംഗശൂചീകരണ കേന്ദ്രങ്ങളും കക്കൂസുകളും പ്രവര്ത്തിപ്പിക്കുമെന്നത് ഇത്തവണ റമദാന് പ്രവര്ത്തന പദ്ധതിയില് എടുത്തുപറയേണ്ടതാണ്. 912 ടോയ്ലറ്റുകളും 1823 ടാപ്പുകളും ജലസംഭരണികളും 44 ഇലക്ട്രിക് കോണികളും 12 ലിഫ്റ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഹറം മുറ്റം കഴുകുന്നതിനായി 15 പുതിയ ഉപകരണങ്ങള് ഒരുക്കിയിട്ടുണ്ട്. റൗളയില് പ്രവര്ത്തനശേഷി കൂടിയ പുതിയ എയര്കണ്ടീഷന് യൂനിറ്റ് സ്ഥാപിച്ചിട്ടുണ്ട്.

No comments:

Related Posts with Thumbnails