Thursday, April 28, 2011

ഇന്ത്യ വിഭാവനം ചെയ്യുന്ന മത സ്വാതന്ത്യം മഹത്തരം: ദുബൈ മതകാര്യ ഗ്രാന്റ്‌ മുഫ്തി



ദുബൈ മതകാര്യ ഗ്രാന്റ്‌ മുഫ്തി ഡോ. അഹ്മദ്‌ അബ്ദുൽ അസീസ്‌ ഹദ്ദാദ്‌





വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ (കോട്ടക്കൽ): പതിനായിരത്തിലധികം പണ്ഡിതന്മാർ ഒത്തുചേർന്ന ഈ സദസ്സ്‌ ദർശിച്ചപ്പോൾ ഇന്ത്യാരാജ്യം വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യമാണ്‌ എന്നെ സ്വാധീനിക്കുന്നതെന്ന്‌ ദുബൈ മതകാര്യ ഗ്രാന്റ്‌ മുഫ്തി ഡോ. അഹ്മദ്‌ അബ്ദുൽ അസീസ്‌ ഹദ്ദാദ്‌ പറഞ്ഞു. സമസ്ത ഉലമാ കോൺഫറൻസിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി മതങ്ങളും അതിന്റെ അനുയായികളും അധിവസിക്കുന്ന ഈ രാജ്യത്ത്‌ മുസ്ലിം പണ്ഡിതന്മാർക്ക്‌ നിർഭയത്വത്തോടെ സംഗമിക്കാനും ആശയ പ്രചാരണം നടത്താനും സാധിക്കുന്നത്‌ ഇന്ത്യ പുലർത്തിപ്പോരുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശ ബോധത്തിന്റെയും വ്യക്തമായ ഉദാഹരണമാണ്‌. ഇന്ത്യയും അറബ്‌ രാജ്യങ്ങളുമായുള്ള ബന്ധം കാലങ്ങളായി തുടർന്നു വരുന്നതാണ്‌. മാറിമാറി വരുന്ന ഏതു ഭരണകൂടവും അറബ്‌ രാജ്യങ്ങളുമായുള്ള ബന്ധം നിലനിർത്തിപ്പോന്നിട്ടുണ്ട്‌?-ദുബൈ ഗ്രാന്റ്‌ മുഫ്തി തുടർന്നു പറഞ്ഞു.




മതപണ്ഡിതന്മാർ സംഘടിതമായി ഒരു നേതൃത്വത്തിൻ കീഴിൽ പ്രവർത്തിക്കുന്നത്‌ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. കേരളീയരെപ്പോലെ ഇത്രയും ഭംഗിയായി മതപണ്ഡിതന്മാർ സംഘടിക്കുന്ന മറ്റൊരു വേദി ദർശിക്കാൻ പ്രയാസമാണ്‌. സമാധാനപരമായി സംഘടിച്ചു പ്രവർത്തിച്ചാൽ നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കും. ഇതിന്‌ ഉമറാക്കളെയും സമ്പന്നരെയും അഭ്യസ്തവിദ്യരെയും ഉലമാക്കളോടൊപ്പം അണിചേരാൻ സജ്ജമാക്കണം.


അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയം നബി(സ്വ) തങ്ങളും സ്വഹാബത്തും പഠിപ്പിച്ച ആശയമാണ്‌. പ്രസ്തുത ആശയത്തിൽ വികല ചിന്തകൾ കടത്തിക്കൂട്ടാൻ ശ്രമിച്ചവർക്കെതിരെ രംഗത്തുവന്ന പ്രഗദ്ഭ പണ്ഡിതനാണ്‌ ഇമാം അബുൽഹസൻ അശ്അരി. ഇന്നു ലോകത്ത്‌ മുസ്ലിം സമുദായത്തിൽ 99 ശതമാനവും അശ്അരി, മാതുരീദി വിശ്വാസക്കാരാണ്‌. ഉലമാക്കളുടെ പിന്നിൽ അണിനിരക്കണമെന്നും ഭീകരത, തീവ്രത മുതലായവയിൽ നിന്നു പൂർണ്ണമായി അകന്ന്‌ നിൽക്കണമെന്നും മുസ്ലിംകളോട്‌ പ്രത്യേകിച്ചും മറ്റുള്ളവരോട്‌ പൊതുവായും ഞാൻ അഭ്യർത്ഥിക്കുന്നു.

27/04/2011





No comments:

Related Posts with Thumbnails