Monday, April 25, 2011

എൻഡോസൾഫാൻ നിരോധനം മനുഷ്യരെല്ലാം മരിച്ചു തീർന്നിട്ടാവരുത്‌-കാന്തപുരം

കാസർകോട്‌: കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ എൻഡോസൾഫാൻ നിരോധിക്കുകയുള്ളൂവെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന പ്രധാന മന്ത്രിയെന്ന നിലയിൽ ന്യായമാണെങ്കിലും ആ പഠനം ജനങ്ങളെല്ലാം എൻഡോസൾഫാൻ ബാധിച്ച്‌ മരിച്ചു തീരും വരെ നീട്ടിക്കൊണ്ട്‌ പോകരുതെന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എൻഡോസൾഫാൻ അടിയന്തിരമായി നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. കാസർകോട്‌ പുതിയ ബസ്സ്റ്റാന്റ്പരിസരത്ത്​‍്‌ എൻഡോ സൾഫാൻ വിരുദ്ധ കൂട്ടായ്മയായ ഒപ്പ്‌ മരച്ചോട്ടിൽ ഒപ്പ്‌ ചാർത്തി സംസാരിക്കുകയായിരുന്നു കാന്തപുരം. എൻഡോസൾഫാൻ പോലുള്ള മാരക കീടനാശിനികൾ മനുഷ്യരിലും പ്രകൃതിയിലും ഉഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായ പഠന റിപ്പോർട്ടുകൾ പുറത്ത്‌ വന്നിട്ടും കൃഷി വകുപ്പ്‌ സാങ്കേതികതയിൽ പിടിച്ചു തൂങ്ങുന്നത്‌ ശരിയല്ല. 25ന്‌ ജനീവയിൽ നടക്കുന്ന സ്റ്റോക്ഖോം കൺവെൻഷനിൽ എൻഡോസൾഫാൻ നിരോധനത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കണം. മനുഷ്യനെയും പ്രകൃതിയേയും കൊന്നു കൊണ്ടുള്ള വികസനമല്ല നമുക്ക്‌ വേണ്ടത്‌. മാരകമായ കീടനാശിനികൾക്കനുകൂലമായി ചില കോണുകളിൽ നിന്നുയരുന്ന ശബ്ദം മനുഷ്യത്വരഹിതമാണ്‌.


അനാവശ്യ വിവാദങ്ങൾ മാറ്റിവെച്ച്‌ ദുരിത ബാധിതരുടെ കണ്ണീരൊപ്പാൻ നടപടി സ്വീകരിക്കണം. മരണമടഞ്ഞവരുടെ ആശ്രിതർക്ക്‌ നഷ്ടപരിഹാരം നൽകണമെന്നും ചികിത്സാ പുനരധിവാസ പാക്കേജുകൾ ത്വരിതപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. എസ്‌.വൈ.എസ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ബി.എസ്‌ അബദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബദുൽ ഖാദിർ മദനി, ജനറൽ സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, ബശീർ പുളിക്കൂർ, മൂസ സഖാഫി കളത്തൂർ, ബി.കെ അബ്ദുല്ല ഹാജി, മുനീർ ബാഖവി തുരുത്തി, ഹാജി അമീറലി ചൂരി അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, അബ്ദുൽ അസീസ്‌ സൈനി, ഇല്യാസ്‌ കൊറ്റുമ്പ, പി.ഇ താജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. സമര സമിതി നേതാവ്‌ പ്രഫ. എം.എ റഹ്മാൻ കാന്തപുരത്തെ സ്വീകരിച്ചു.

24/04/2011

No comments:

Related Posts with Thumbnails