Saturday, April 3, 2010

തിരൂരിൽ ആദർശ മുന്നേറ്റ വിളംബര റാലി ഉജ്ജ്വലം !

മലപ്പുറം: കർമധന്യമായ ഇന്നലേകളുടെ വിപ്ലവ വീര്യവുമായി ധർമ പോരാളികൾ ഒഴുകിയെത്തി. വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ഓർമത്തുടിപ്പുകളുറങ്ങുന്ന തിരൂരിൽ ആദർശപട പുതിയ ചരിത്രമെഴുതി.


ആദർശത്തിന്റെ നേർവരയിൽ അഞ്ചര ദശകം പിന്നിട്ട എസ്‌ വൈ എസ്‌ ആദർശ സമ്മേളനങ്ങൾക്ക്‌ ജില്ലയിൽ ഉജ്ജ്വല തുടക്കമിട്ടു. ജില്ലയിലെ 110 കേന്ദ്രങ്ങളിൽ വരാനിരിക്കുന്ന സമ്മേളനങ്ങളുടെ വിളംബരം മുഴക്കി നടന്ന റാലി മലയാള ഭാഷയുടെ ആസ്ഥാന നഗരിക്ക്‌ പുതുമയായി. വിശുദ്ധ ദീനിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യതിയാനം വരുത്തുന്ന പുത്തൻവാദികളുടെ കുതന്ത്രങ്ങളെ തച്ചുടക്കുമെന്ന പ്രഖ്യാപനവുമായാണ്‌ ഇസ്ലാമിക പൈതൃകത്തിന്റെ സൂക്ഷിപ്പുകാർ റാലി നടത്തിയത്‌. സാമ്രാജ്യത്വത്തിന്‌ ദാസ്യവേല ചെയ്യുന്ന പുത്തൻവാദത്തെ തിരിച്ചറിയാൻ ആഹ്വാനം ചെയ്‌ ത റാലി തിരുനബിയെ അവഹേളിക്കുന്ന വഹാബിസത്തിന്‌ കനത്ത താക്കീത്‌ നൽകി. ഇസ്ലാമിക പൈതൃകത്തിന്റെ അടിവേരുകളറുക്കുന്ന മത പരിഷ്ക്കരണ വാദികളുടെ ഗോ‍ൂഢ നീക്കങ്ങൾ തുറന്നു കാണിച്ച റാലിയിൽ പൂർവീകരുടെ പൈതൃകം സംരക്ഷിക്കുമെന്ന്‌ ധർമപോരാളികൾ പ്രതിജ്ഞയെടുത്തു.
ആദർശ സമ്മേളനങ്ങളുടെ വിളംബരം മുഴക്കി നടന്ന റാലിയിൽ ഇരുപത്‌ മേഖലകളിൽ നിന്നുള്ള ആറായിരത്തിൽ പരം സന്നദ്ധസേവകരായ കർമസമിതി അംഗങ്ങളാണ്‌ അണി നിരന്നത്‌. കർമ സമിതി അംഗങ്ങൾ വിവിധ ബ്ലോക്കുകളിലായി പ്രത്യേകം യൂനിഫോമിൽ രണ്ടു നിരയായി നീങ്ങിയപ്പോൾ അച്ചടക്കംകൊണ്ട്‌ റാലി ശ്രദ്ധേയമായി. ഓരോ ബ്ലോക്കുകൾക്കും പതാക വാഹകരായ മേഖലാ ഭാരവാഹികൾ നേതൃത്വം നൽകി. വിളംബര റാലിക്ക്‌ അനുബന്ധമായി 'മദ്യക്കോള അനുവദിക്കില്ല' എന്ന മുദ്രാവാക്യമുയർത്തി നടന്ന ബഹുജന റാലിയിൽ മദ്യക്കോളക്കെതിരെയുള്ള പ്രതിഷേധാഗ്നി ഉയർന്നു.

യുവതലമുറയുടെ വീര്യം ചോർത്തി പ്രതികരണശേഷി തകർക്കാൻ തന്ത്രം മെനയുന്ന രാഷ്ട്രീയക്കാർക്ക്‌ മൂന്നാര്റിയിപ്പു നൽകിയ റാലിയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കണമെന്ന്‌ ആവശ്യമുയർന്നു. തിരൂർ താഴെപ്പാലം സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി സിറ്റി ജംഗ്ഷൻ വഴി നഗരം ചുറ്റി ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത്‌ സമാപിച്ചു. എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി പ്രാർഥന നടത്തി റാലി ഉദ്ഘാടനം ചെയ്തു. എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുൽ ആബിദീൻ സംസാരിച്ചു. റാലിക്ക്‌ പി കെ എം സഖാഫി ഇരിങ്ങല്ലൂർ, അലവി സഖാഫി കൊളത്തൂർ, കെ ടി ത്വാഹിർ സഖാഫി, ഊരകം അബ്ദുർറഹ്മാൻ സഖാഫി, മുസ്തഫ മാസ്റ്റർ കോഡൂർ, അലവിക്കുട്ടി ഫൈസി എടക്കര, പി എസ്‌ കെ ദാരിമി എടയൂർ, എ മുഹമ്മദ്‌ പറവൂർ, പി കെ ബഷീർ പടിക്കൽ നേതൃത്വം നൽകി.

തുടർന്ന്‌ നടന്ന പൊതുസമ്മേളനം എസ്‌ വൈ എസ്‌ സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി കെ എം സഖാഫി ഇരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹബീബ്കോയ തങ്ങൾ പ്രാർഥന നടത്തി. അലവി സഖാഫി കൊളത്തൂർ, സുലൈമാൻ സഖാഫി മാളിയേക്കൽ, മുസ്തഫ മാസ്റ്റർ കോഡൂർ, മുജീബ്‌ സഖാഫി സംസാരിച്ചു.

പ്രക്ഷോഭ റാലിക്ക്‌ സമസ്ത ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ബാഖവി, പി അലവി ഫൈസി, റഊഫ്‌ സഖാഫി വാണിയന്നൂർ എ കെ യാഹു നേതൃത്വം നൽകി. അഹ്ലുസുന്ന സന്ദേശം പ്രമാണം എന്ന പ്രമേയത്തിൽ നടക്കുന്ന ആദർശ സമ്മേളനങ്ങൾ മെയ്‌ മാസത്തിൽ പൂർത്തിയാകും. 01/04/2010
കൂടുതൽ ചിത്രങ്ങളും വാർത്തയും www.ssfmalappuram.com >>
umer perinthatiri

No comments:

Related Posts with Thumbnails