Tuesday, March 30, 2010

ആതുര സേവന പ്രവർത്തനങ്ങൾ ഊർജിതമാക്കും: എസ്‌വൈഎസ്‌

കോഴിക്കോട്‌: ആതുര സേവന രംഗത്തെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകുന്ന മൂന്നുവർഷത്തെ കർമ പദ്ധതികൾക്ക്‌ (കർമരേഖ-2010) സമസ്ത കേരള സുന്നി യുവജനസംഘം (എസ്‌വൈഎസ്‌) സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അന്തിമരൂപം നൽകി. ഇതിന്റെ ഭാഗമായി പ്രധാന മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച്‌ അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള മെഡിക്കൽ-റിലീഫ്‌ സെന്ററുകൾ സ്ഥാപിക്കും.

സംഘടനയുടെ വർധിച്ചുവരുന്ന പിന്തുണയും ജനകീയാടിത്തറയും മുന്നിൽവെച്ച്‌ കൂടുതൽ കാര്യക്ഷമമായ സാമൂഹിക ഇടപെടലുകളാണ്‌ കർമരേഖ മുന്നോട്ടുവെക്കുന്നത്‌. 48.74 ശതമാനം മെമ്പർഷിപ്പ്‌ വർധനയാണ്‌ ഇത്തവണ ഉണ്ടായിട്ടുള്ളത്‌. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി മെമ്പർഷിപ്പ്‌ പ്രവർത്തനം പൂർത്തിയാക്കിയെന്നതും പ്രത്യേകതയാണ്‌. പുതിയ 320 യൂണിറ്റുകൾ നിലവിൽ വരികയും ചെയ്തിട്ടുണ്ട്‌. അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളെ മാതൃകാ ദഅ​‍്‌വാ സെല്ലുകകളാക്കി സുസ്ഥിര യൂണിറ്റുകളാക്കും. കാലുഷ്യങ്ങളിൽനിന്നും സുരക്ഷിതമായി സൗഹാർദ്ദവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുന്ന 6000 സൗഹൃദഗ്രാമങ്ങൾ സൃഷ്ടിച്ചെടുക്കുകയും 5000 മുസ്ലിം മഹല്ലുകൾ കേന്ദ്രീകരിച്ച്‌ ദിശാബോധമുള്ള സമൂഹത്തെ വാർത്തെടുക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും. ആരോഗ്യ ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 'സാന്ത്വനം' പദ്ധതി നടപ്പാക്കും. ഇതിനായി യൂണിറ്റുകളിൽ അഞ്ചംഗങ്ങൾ വീതമുള്ള സന്നദ്ധസേവന സംഘത്തെ പരിശീലിപ്പിക്കും. വർധിച്ചുവരുന്ന തീവ്രവാദ, ഭീകരവാദ നീക്കങ്ങൾ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണിശമായ നയനിലപാടുകളിലുറച്ചുനിന്ന്‌ ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കാനും പെരുകിവരുന്ന അധാർമിക പ്രവണതകൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു.

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വിശ്വാസ ധാരയിൽനിന്നും മുസ്ലിംകളെ വഴിതെറ്റിക്കാനും ആത്മീയതയുടെയും പാരമ്പര്യത്തിന്റെയും വേരുകൾ അറുത്തുമാറ്റി മതമൂല്യങ്ങളെ നവീകരിക്കാനും ചിലർ നടത്തുന്ന നീക്കങ്ങൾ മതത്തെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ ഇത്തരം ഗൂഢശ്രമങ്ങളിൽനിന്നും സമുദായത്തെ സുരക്ഷിതമാക്കാനുള്ള പ്രവർത്തനങ്ങൾ വ്യാപകമാക്കും. ഇതിന്റെ ഭാഗമായി ഏപ്രിൽ 1 - മെയ്‌ 15 കാലയളവിൽ സംസ്ഥാനത്തെ 500 കേന്ദ്രങ്ങളിൽ ആദർശസമ്മേളനങ്ങൾ സംഘടിപ്പിക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

രാജ്യത്ത്‌ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിന്റെ മുഖ്യ ഹേതുവായ മദ്യപാനം ക്രമാതീതമായി പെരുകുകയും കേരളം 'മദ്യപസംസ്ഥാനം' എന്ന അപഖ്യാതി നേടുകയും ചെയ്യുന്നത്‌ ഉത്കണ്ഠാജനകമാണ്‌. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കി നാടിനെ രക്ഷിക്കേണ്ട ഭരണകൂടം മദ്യക്കോളക്ക്‌ അനുമതി നൽകാൻ നടത്തുന്ന നീക്കങ്ങളിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്‌ ഏപ്രിൽ ആദ്യവാരം ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനും പ്രതിനിധി സമ്മേളനം തീരുമാനിച്ചിട്ടുണ്ട്‌.

29/03/2010

1 comment:

prachaarakan said...

ആതുര സേവന രംഗത്തെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകുന്ന മൂന്നുവർഷത്തെ കർമ പദ്ധതികൾക്ക്‌ (കർമരേഖ-2010) സമസ്ത കേരള സുന്നി യുവജനസംഘം (എസ്‌വൈഎസ്‌) സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം അന്തിമരൂപം നൽകി

Related Posts with Thumbnails