താനൂർ: ഉണ്യാലിൽ നടന്ന വ്യാപക സംഘർഷങ്ങളെ തുടർന്ന് അക്രമിക്കപ്പെട്ട പള്ളിയിൽ സമാധാന സന്ദേശവുമായി സുന്നി നേതാക്കളെത്തി. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുൽഖാദിർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചതു. പൗര പ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ പള്ളിയിൽ പൊന്മള അബ്ദുൽഖാദിർ മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന പ്രാർഥന പ്രദേശത്തെ സമാധാന പ്രേമികൾക്ക് പുത്തനുണർവായി. ശേഷം പള്ളിയിൽ മഗ്‌രിബ് നിസ്കാരത്തിന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂർ നേതൃത്വം നൽകി.
തീരപ്രദേശത്ത് സ്വാധീനം സൃഷ്ടിക്കാൻ രാഷ്ട്രീയ കക്ഷികൾ നടത്തുന്ന പരസ്പര പോരും പകപോക്കലുമാണ് സംഘർഷത്തിന്റെ യഥാർഥ കാരണമെന്ന് നേതാക്കൾ പറഞ്ഞു. പ്രദേശത്ത് സുന്നികളിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സ്ഥാപനങ്ങൾ സംബന്ധിച്ചോ മറ്റോ തർക്കമില്ലെന്നിരിക്കെ സംഘർഷത്തെ മതവിഭാഗങ്ങൾ തമ്മിലുള്ള തർക്കമായി ഉത്തരവാദിത്വപ്പെട്ടവർ ചിത്രീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ പറഞ്ഞു. സ്ഥലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പോലീസ് ഉദ്യോഗസ്ഥർ സുന്നി നേതാക്കൾക്ക് സന്ദർശനാനുമതി നിഷേധിച്ചിരുന്നെങ്കിലും പള്ളി ഭാരവാഹികളുടെ ഇടപെടലിനെ തുടർന്ന് സന്ദർശനാനുമതി നൽകുകയായിരുന്നു. പ്രദേശത്തുകാർ ആഗ്രഹിച്ചിരുന്ന സമാധാനന്തരീക്ഷം പുലരുന്നതിന് തുടക്കമിട്ട സുന്നി നേതാക്കളുടെയും പ്രവർത്തകരുടെയും സന്ദർശനം നാട്ടുകാർക്ക് ഏറെ ആശ്വാസമായി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂർ, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
17/03/2010
ഉമർ പെരിന്താറ്റിരി
No comments:
Post a Comment