Wednesday, April 29, 2009

നവോത്ഥാനത്തിന്‌ ശിലയിട്ട വിദ്യാർത്ഥി പ്രസ്ഥാനം ; എസ്.എസ്.എഫ്


മൂന്നര പതിറ്റാണ്ടുകൾക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയിൽ ഇസ്ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയിൽ വളർന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാർത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌. വിദ്യാർത്ഥിത്വത്തിന്റെ വഴിയാകെ നിലനിൽപിന്ന്‌ നിമിത്തം നിർവചിക്കാനാവാതെ മുസ്ലിം ചിന്തകന്മാർ പകച്ചു നിന്നുപോയ സന്ദർഭമായിരുന്നു അത്‌. ദൈവികമായ മാർഗദർശനങ്ങളുടെ ഫലമെന്നോണം മനുഷ്യന്റെ ഉള്ളിൽ നിന്ന്‌ ഉണർന്നു വരേണ്ട ധാർമിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവർ വിലിയിരുത്തി. 'ധാർമിക വിപ്ലവം സിന്ദാബാദ്‌' എന്നവർ വിദ്യാർത്ഥികൾക്ക്‌ വിപ്ലവസന്ദേശം കൈമാറി.

ധാർമികമായ ചിന്ത, സ്വയം നന്നാവാനും രക്ഷപ്പെടാനുമുള്ള വഴിമാത്രമല്ല തുറന്നു തരുന്നത്‌. അപരനെ കൈപിടിച്ചു രക്ഷപ്പെടുത്താനുള്ള അഭിവാഞ്ഞ്ച കൂടി അതിന്റെ മർമ്മമാണ്‌. അങ്ങനെ ഒരു കൂട്ടം വിദ്യാർത്ഥികൾ കേരളത്തിന്റെ മുക്കുമൂലകളിൽ സായാഹ്നങ്ങളിൽ ഒത്തുകൂടി സമൂഹത്തെ ശരിയായ ചിന്തയിലേക്കും പ്രവർത്തനങ്ങളിലേക്കും നയിക്കുന്നതിനെ കുറിച്ചവർ ഗാഢമായി ആലോചിച്ചു. വഴി തെറ്റിയവരുടെ സ്ഥിതിയോർത്ത്‌ അവരുടെ മനസ്സ്‌ വേദനിച്ചു. കണ്ണുകൾ നിറഞ്ഞു. പുതുകാലത്തിന്റെ ജിഹാദാണ്‌ നേർവഴിക്കാനയിക്കാനുള്ള ഈ ദൗത്യമെന്ന്‌ അവർ തിരിച്ചറിഞ്ഞു. പലഭാഗങ്ങളിൽ നിന്നായി ഉയർന്നുവന്ന ചിന്തകൾ ഏകോപിക്കപ്പെട്ടു. അക്കാലത്ത്‌ സുന്നിടൈംസിൽ എകെ ഇസ്മാഈ​‍ൗൽ വഫ എന്ന വിദ്യാർത്ഥി എഴുതിയ കുറിപ്പ്‌ ഈ വഴിക്കുള്ള ചിന്തകൾക്ക്‌ സംഘടിത ശക്തി പകർന്നു. 1973 ഏപ്രിൽ 29ന്‌ കേരള സ്റ്റേറ്റ്‌ സുന്നി സ്റ്റുഡന്റ്സ്‌ ഫെഡറേഷൻ നിലവിൽ വന്നു.

മതവിജ്ഞാനീയങ്ങളിൽ മാത്രം ശ്രദ്ധയൂന്നി കഴിയുന്ന മതവിദ്യാർത്ഥികൾ ദർസുകളിലും അത്യാവശ്യ ആചാരാനുഷ്ഠാനങ്ങൾ സ്വായത്തമാക്കിയോ തീരെ മതബന്ധമില്ലാതെ ഭൗതിക വിജ്ഞാനീയങ്ങളിൽ ഭ്രമിച്ച്‌ ജീവിക്കുന്ന ഭൗതിക വിദ്യാർത്ഥികളും അന്ന്‌ രണ്ട്‌ ധ്രുവങ്ങളിലായിരുന്നു. ഈ രണ്ട്‌ വിഭാഗങ്ങളും പ്രബല ശക്തികളായിരുന്നു. ഭൗതിക വിദ്യാർത്ഥികളെ കയ്യിലെടുക്കാൻ പലർക്കും കഴിഞ്ഞെങ്കിലും മതവിദ്യാർത്ഥികളെ സ്വാധീനിക്കാൻ ആർക്കും പറ്റിയില്ല. മതചിന്തയും ഭൗതിക ചിന്തയും അന്യോന്യം കാലവും ലോകവുമറിയാതെ കഴിയുന്ന ഈ അവസ്ഥ കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്‌ ഏറ്റവും കനത്ത വിലങ്ങു തടിയായിരുന്നു. നിലവിലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ പ്രധാന പരാജയമായി ഈ അകൽച്ചയെക്കുറിച്ച്‌ ആഴത്തിൽ അപഗ്രഥിച്ച സുന്നി വിദ്യാർത്ഥി അവരെ ഒന്നിപ്പിച്ചു. അതോടെ മതചിന്തകൾ ഭൗതിക തലത്തിലേക്ക്‌ പടർന്നു പിടിച്ചു. ഭൗതിക കലാലയങ്ങളുടെ അകത്തും പുറത്തും അതിന്റെ ലക്ഷണങ്ങൾ പ്രകടമായി. മതവിദ്യാർത്ഥികൾ ഗുരുകുലങ്ങളിൽ നിന്ന്‌ ഇറങ്ങി വന്നു. അവർ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കൊപ്പം സായാഹ്നങ്ങളും സന്ധ്യകളും പങ്കിട്ടു. മാറ്റങ്ങൾ വളരെ വേഗത്തിലായിരുന്നു. ഭൗതിക മേഖലയെ നന്നായി അഭിമുഖീകരിക്കാനുള്ള തിരക്കിട്ട സന്നാഹങ്ങൾ മതരംഗത്തുണ്ടായി. മതരംഗത്തേക്ക്‌ കൗലത്തിന്റെ നന്മയും പുരോഗതിയും കൈമാറാനുള്ള ത്വരയും മതരംഗത്തു നിന്ന്‌ അകം വെടിപ്പിക്കാനുതകുന്ന ആശയങ്ങൾ സ്വീകരിക്കാനുള്ള മനോവിശാലതയും ഭൗതിക വിദ്യാർത്ഥികളിൽ തളിർത്തു വളർന്നു. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനരംഗത്ത്‌ ഏറ്റവും വലിയ മുതൽകൂട്ടായ പ്രവർത്തനമായിരുന്നു അത്‌. അതിന്‌ നേതൃത്വപരമായ പങ്ക്‌ വഹിക്കാൻ സുന്നി വിദ്യാർത്ഥി പ്രസ്ഥാനത്തിന്‌ കഴിഞ്ഞു.

ഇന്ന്‌ വൈവിധ്യപൂർണമായ വിപ്ലവ പ്രവർത്തനങ്ങളുമായി, വിജയത്തിന്റെ, പ്രയത്നത്തിന്റെ ത്യാഗത്തിന്റെ നൂറുകൂട്ടം അനുഭവങ്ങളുമായി പ്രസ്ഥാനം മതഭൗതിക ഭേദമന്യേ കേരളത്തിൽ വേരൂന്നി നിൽക്കുകയും വളർന്നു പന്തലിക്കുകയും മറ്റുള്ളവർക്ക്‌ തണലും ഫലും നൽകുകയും ചെയ്യുന്നു.

എസ്.എസ്.എഫ് പ്രസ്ഥാനം ; കൂടുതൽ വാ‍യനയ്ക്ക് ഇവിടെ ക്ലിക് ചെയ്യുക

ഏപ്രിൽ 29 എസ്.എസ്.എഫ്. സ്ഥാപാക ദിനം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

3 comments:

prachaarakan said...

ഏപ്രിൽ 29
എസ്.എസ്.എഫ്. സ്ഥാപക ദിനം

ഹന്‍ല്ലലത്ത് Hanllalath said...

...ആശംസകള്‍...

Zulfukhaar-ദുല്‍ഫുഖാര്‍ said...

ധാർമ്മിക വിപ്ലവ പോരാളികൾക്ക് അഭിവാദ്യങ്ങൾ..

എസ്.എസ്.എഫ്. സിന്ദാബാദ്
ധാർമ്മിക വിപ്ലവം സിന്ദാബാദ്

Related Posts with Thumbnails