Sunday, June 8, 2008

സ്കൂള്‍ പാഠപുസ്തകത്തിലെ മതവിരുദ്ധ പരാമര്‍ശം; എസ്‌എസ്‌എഫ്‌ പ്രക്ഷോഭത്തിലേക്ക്‌

‍കാസര്‍കോട്‌: സ്കൂള്‍ ഏഴാംതരത്തിലേക്ക്‌ സര്‍ക്കാര്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തില്‍ കൊടുത്ത മതവിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സുന്നി സെന്ററില്‍ ചേര്‍ന്ന എസ്‌എസ്‌എഫ്‌ ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു.മുസ്ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്ന മാതൃകാപരമായ ഐക്യം തകര്‍ത്ത്‌ കൊടുങ്ങല്ലൂരില്‍ വക്കം മൗലവി സ്ഥാപിച്ച ഐക്യ സംഘത്തെക്കുറിച്ച്‌ പാഠഭാഗത്തുള്ളത്‌ ശുദ്ധകളവാണ്‌. മുസ്ലിം സമൂഹത്തില്‍ പുതിയ അനാചാരങ്ങള്‍ക്ക്‌ തുടക്കം കുറിച്ച ഐക്യസംഘത്തിന്‌ സര്‍ക്കാര്‍ ചെലവില്‍ വെള്ളപൂശാന്‍ അനുവദിക്കില്ല.'മനുഷ്യത്വം വിളയുന്ന ഭൂമി'യെന്ന അധ്യായത്തില്‍ മതവിരുദ്ധ പരാമര്‍ശങ്ങളാണുള്ളത്‌. 'മതമില്ലാത്ത ജീവന്‍' എന്ന സംഭാഷണം മതവിശ്വാസത്തെക്കുറിച്ച്‌ തെററായ ധാരണ വളര്‍ത്തും. ഇതിനെതിരാണ്‌ എസ്‌എസ്‌എഫ്‌ സമരം ശക്തമാക്കുന്നത്‌. മതങ്ങളെയും മതസമൂഹങ്ങളെയും തെററിദ്ധരിപ്പിക്കാനും കുരുന്നുഹൃദയങ്ങളില്‍ അശുഭകരമായ ചിന്തകള്‍ വളര്‍ത്താനും പര്യാപ്തമായ ഈ പാഠഭാഗങ്ങള്‍ നീക്കം ചെയ്ത്‌ നീതിയധിഷ്ഠിതമായ സാമൂഹിക മുന്നേററത്തിന്‌ കളമൊരുക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്നും എസ്‌എസ്‌എഫ്‌ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച്‌ ജില്ലയിലെ 300 യൂനിററ്‌ കേന്ദ്രങ്ങളില്‍ ജൂണ്‍ ആറിനു പൊതുജന ബോധവത്കരണവും ഒപ്പുശേഖരണവും പ്രതിഷേധ പ്രകടനവും നടത്തും. വിദ്യാഭ്യാസ രംഗത്തെ ഇത്തരം അപാകതകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ജൂണ്‍ 12ന്‌ കലക്ടറേററ്‌ മാര്‍ച്ച്‌, ജൂണ്‍ 28ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്‌ മാര്‍ച്ച്‌ എന്നിവ സംഘടിപ്പിക്കാനും എസ്‌എസ്‌എഫ്‌ തീരുമാനിച്ചു.ജില്ലാ കണ്‍ട്രോളര്‍ മുഹമ്മദ്‌ സഖാഫി പൂക്കോം അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ്‌ പടുപ്പ്‌, വി സി സുലൈമാന്‍ ലത്തീഫി, ഉമര്‍ സഖാഫി ഊജംപദവ്‌, സ്വാദിഖ്‌ സഖാഫി എരോല്‍, അബ്ദുറസാഖ്‌ സഖാഫി കോട്ടക്കുന്ന്‌, അബ്ദുല്‍ അസീസ്‌ സൈനി, സമദ്‌ കാക്കടവ്‌, മുഹമ്മദ്‌ സഖാഫി തോക്കെ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഹമ്മദ്കുഞ്ഞി ഉളുവാര്‍ സ്വാഗതവും ലത്തീഫ്‌ പള്ളത്തടുക്ക നന്ദിയും പറഞ്ഞു.
report by മുഹമ്മദ്കുഞ്ഞി ഉളുവാര്‍

No comments:

Related Posts with Thumbnails