Saturday, May 24, 2008

മലബാറിലെ ഉപരിപഠനാവസരം; എസ്‌എസ്‌എഫ്‌ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്‌: മലബാറിലെ തുടര്‍ വിദ്യഭ്യാസാവസരങ്ങള്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്റ്റുഡന്‍സ്‌ സെന്‍ററില്‍ ചേര്‍ന്ന എസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനിച്ചു. എസ്‌എസ്‌എല്‍ സി, പ്‌ളസ്‌റ്റു പരീക്ഷകളിലെ ഈ വര്‍ഷത്തെ ഉയര്‍ന്ന റിസല്‍ട്ട്‌ പ്രതീക്ഷാ നിര്‍ഭരമാണെങ്കിലും തുടര്‍ വിദ്യാഭ്യാസ കാര്യത്തില്‍ മലബാറിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണു. കോഴ്സുകളുടെയും സീറ്റുകളുടെയും കാര്യത്തില്‍ വര്‍ഷങ്ങളോളമായി മലബാര്‍ നേരിടുന്ന കടുത്ത വിവേചനം ഈ വര്‍ഷം പ്രക്ഷുബ്ധമായ സ്ഥിതിവിശേഷങ്ങള്‍ക്ക്‌ കാരണമാകും. പ്‌ളസ്‌റ്റു , ബിരുദതല കോഴ്സുകളുടെ അപര്യാപ്തത മലബാറിലെ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കും. വിവിധ മേഖലകളില്‍ മലബാര്‍ ഇന്നു നേരിടുന്ന കടുത്ത അവഗണനയുടെ മൂലകാരണം വിദ്യാഭ്യാസ രംഗത്ത്‌ ഭരണകൂടത്തില്‍ നിന്നേല്‍ക്കുന്ന വിവേചനപരമായ നിലപാടുകളാണു. ഈ അവഗണന തുടരുന്നത്‌ വിപല്‍കരമായ പ്രതികരണങ്ങളിലേക്കും പ്രതിഷേധങ്ങളിലേക്കും നയിക്കുമെന്ന്‌ ഭരണകൂടങ്ങള്‍ മറന്നു പോകരുത്‌. മാറി മാറി വന്ന സര്‍ക്കാറുകളുടെ അനാസ്ഥയും അലംഭാവവുമാണു മലബാറിനെ ഈ പരുവത്തിലാക്കിയത്‌. പഠന കാര്യത്തില്‍ മലബാറിലെ വിദ്യാര്‍ഥികള്‍ സൃഷ്ടിച്ച മുന്നേറ്റം അധികാരികള്‍ ലാഘവത്തോടേയാണു നോക്കിക്കാണുന്നത്‌. തെക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ മലബാറില്‍ ഉന്നത വിദ്യാഭ്യാസാവസരങ്ങള്‍ വളരെയധികം കുറഞ്ഞു പോയത്‌ പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുന്നതിനു പകരം; തിരുത്തല്‍ നടപടികളെ വൈരാഗ്യബുദ്ധിയോടെ അട്ടിമറിക്കാനുള്ള ശ്രമമാണു നടന്നു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ അധ്യായന വര്‍ഷം 26.316 പ്ളസ്‌വണ്‍ സീറ്റുകള്‍ മലബാറില്‍ വര്‍ധിപ്പിച്ചുവെങ്കിലും അതിനിരട്ടി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു അവസരമില്ലാതെ പുറത്തിരിക്കേണ്ടിവന്നു. ഈ വര്‍ഷം തെക്കന്‍ കേരളത്തിലെ എട്ടു ജില്ലകളില്‍ 2,19,271 വിദ്യാര്‍ഥികള്‍ക്കു രണ്ടു ലക്ഷം പ്ളസ്‌വണ്‍ സീറ്റുകള്‍ ഉണ്ടായിരിക്കെ, മലബാറിലെ 1,96,473 വിദ്യാര്‍ഥികള്‍ക്ക്‌ ഒരു ലക്ഷം സീറ്റുകള്‍ മാത്രമാണു അനുവദിച്ചത്‌. ഉപരിപഠന രംഗത്തെ ഈ കടുത്ത വിവേചനവും ഇരട്ടത്താപ്പും തുറന്നു കാട്ടപ്പെടേണ്ടതാണു. സാമൂഹ്യ നീതി ഉയര്‍ത്തിപ്പിടിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഭരണാധികാരികള്‍ തെറ്റുകള്‍ തിരുത്തി പരിഹാര നടപടികള്‍ കൈകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്ന സാഹചര്യത്തിലാണു പാലക്കാടു മുതല്‍ കാസര്‍കോട്‌ വരെയുള്ള ജില്ലകലില്‍ വ്യാപകമായ രൂപത്തില്‍ എസ്‌എസ്‌എഫ്‌ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഇതിണ്റ്റെ ഭാഗമായി ഈ മാസം 26നു അന്‍പതോളം ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍നയും ജൂണ്‍ 12നു പാലക്കാടു മുതല്‍ കാസര്‍കോട്‌ വരെയുള്ള ജില്ലകലില്‍ കലക്ടറേറ്റ്‌ മാര്‍ച്ചുകളും നടത്തുമെന്ന്‌ എസ്‌എസ്‌എഫ്‌ നേതാക്കള്‍ അറിയിച്ചു.

No comments:

Related Posts with Thumbnails