Saturday, February 26, 2011

രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും : കാന്തപുരം

കാസര്‍കോട് : രാഷ്ട്രീയവും സാസ്‌കാരികവും മതപരവുമായ സര്‍വ്വകാര്യങ്ങളിലും നീതിനിഷ്ടമായ അധ്യാപനങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച പരിഷ്‌കര്‍ത്താവും മികച്ച ഭരണാധികാരിയുമായിരുന്നു മുഹമ്മദ് നബി(സ)തങ്ങളെന്നും സമകാലിക രാഷ്ട്രീയ നേതൃത്വം തിരുനബി(സ)യില്‍ നിന്നും പാഠം പകര്‍ത്തേണ്ടതുണ്ടെന്നും അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട് നടന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ പ്രവാചക സ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

ലോകം രാഷ്ട്രീയവും ഭരണപരവുമായ അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയാണ്. അധികാര ദുരയും സ്വാര്‍ത്ഥമായ നേതൃമോഹങ്ങളുമാണ് മിക്ക രാഷ്ട്രനായകന്‍മാരെയും സ്വാധീനിച്ചിരിക്കുന്നുത്. സ്വേഛാധിപത്യമായ നയനിലപാടുകളാണ് രാഷ്ട്രീയ പ്രതിസന്ധിക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണം. ജനാധിപത്യ വ്യവിസ്ഥിതിക്ക് ഊന്നല്‍ നല്‍കിയ ഭരണ സംവിധാനമാണ് ലോകത്തിന് കരണീയം. ഇതാണ് ഇസ്‌ലാമിന്റെ നിലപാടും. മുഹമ്മദ് നബി(സ)യും ശേഷം ഖലീഫമാരായി അധികാരത്തില്‍ വന്നവരും ജനാധിപത്യ വ്യവസ്ഥതയിലൂന്നിയ ഭരണ സംവിധാനമാണ് ലോകത്തിന് സമര്‍പ്പിച്ചത്.രാഷ്ട്രീയം രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവിത പുരോഗതിക്കുള്ളതാണ്. അധികാരം വിനിയോഗിക്കേണ്ടതും അധികാരത്തിലേക്കുള്ള വഴി അന്വേഷിക്കേണ്ടതും ജനങ്ങളെയും നാടിനെയും സേവിക്കാനുള്ള ആഗ്രഹത്തില്‍ നിന്നായിരിക്കണം. നിയമത്തെയും നിയമസംഹിതകളെയും വല്ലുവിളിച്ചാണ് പലരും അധികാരത്തിലെത്തുന്നത്.

ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള രാഷ്ട്രീയ അവബോധമില്ലാത്തവര്‍ രാജ്യത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും. ഈ ഒരവസ്ഥയാണ് ലോകം ഇന്നനുഭവിക്കുന്നത്.പ്രബുദ്ധമായ രാഷ്ട്രീയ സംസ്‌കാരമാണ് നമുക്ക് വേണ്ടത്. രാജ്യത്തെ താഴെ തട്ടിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും അതസ്ഥിത വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുമുള്ള മനസ്ഥിതിയാണ് അധികാരം സ്വപ്നം കാണുന്നവര്‍ക്കുണ്ടാവേണ്ടത്. രാഷ്ട്രീയം, വിവേകബോധത്തിലൂന്നിയ മാനസികമായ പരിവര്‍ത്തനത്തിലേക്കുള്ള ചാലക ശക്തിയാണെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമെ രാഷ്ട്രീയ മൂല്യത്തിനുവേണ്ടി നിലയുറപ്പിക്കാന്‍ കഴിയുകയുള്ളു. രാഷ്ട്രീയ സത്യസന്ധതയും ധാര്‍മിക ചിന്തയും ഇതിന് അനിവാര്യമാണ്. സദാചാര നിഷ്ഠയുള്ള വ്യക്തികള്‍ക്കുമാത്രമെ സത്യന്ധരായി ഭരണം കയ്യാളാനും രാഷ്ട്രീയ സാമുദായിക നേതൃ നിരയില്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കാനും കഴിയുകയുള്ളു.ജനങ്ങളുടെ അവകാശങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് സന്മനസ്സുണ്ടാവണം. വികസനത്തിന്റെ മറവില്‍ ജനജീവിതം ദുരിതത്തിലാക്കുന്ന പദ്ധതികളില്‍ നിന്നും സര്‍ക്കാറുകള്‍ പിന്‍മാറണം. ഓരോ ബജറ്റിലും അവകാശ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും അത് പ്രാവര്‍ത്തികമാക്കാനുള്ള നിയവഴികളാണ് ആരായേണ്ടതെന്നും കാന്തപുരം പറഞ്ഞു

www.muhimmath.com

1 comment:

prachaarakan said...

ജനങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കാനുള്ള രാഷ്ട്രീയ അവബോധമില്ലാത്തവര്‍ രാജ്യത്തെ രാഷ്ട്രീയ അരാജകത്വത്തിലേക്കാണ് നയിക്കുന്നത്. രാഷ്ട്രീയ അരാജകത്വം സാമുദായിക ധ്രുവീകരണത്തിന് കാരണമാകും. ഈ ഒരവസ്ഥയാണ് ലോകം ഇന്നനുഭവിക്കുന്നത് (Kanthapuram)

Related Posts with Thumbnails