Monday, September 20, 2010

ബാബരി മസ്‌ജിദ് വിധി-വിവേകത്തിന്റെയും ആത്മ സംയമനത്തിന്റെയും വഴി സ്വികരിക്കുക

കോഴിക്കോട് : 20-09-2010


ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്‌തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും ആത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു. അരാജകത്വം സൃഷ്ടിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങളുണ്ടായിക്കൂടാ. നമ്മുടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും അനുസരിച്ച് മുന്നോട്ട് പോവാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാവണം. ഇപ്പോൾ ബാബരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് സ്വാഭാവിക പരിണതിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ പേരിൽ ഇന്നോളം ഇന്ത്യയിലുണ്ടായ പ്രക്ഷോപങ്ങളും കലാപങ്ങളും രാഷ്ട്രീയ മുതലെടുപ്പുകളും മറക്കാൻ കഴിയില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ശക്തികൾ ഒരു നിലക്കും പ്രോത്സാഹിപ്പിക്കപ്പെടരുത്.

രാഷ്ടീയ താത്പര്യങ്ങൾക്കുപരി കലാ‍പ സാധ്യതകളെ മുന്നിൽകണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാറുകൾ തികഞ്ഞ ജാഗ്രത പുലർത്തണം. രാജ്യത്തിന്റെ സെക്കുലർ സ്വഭാവം ഉയർത്തിപ്പിടിക്കുന്നതിൽ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് നിൽക്കണം. കയ്യൂക്കിനും പണക്കൊഴുപ്പിനും നമ്മുടെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് ലോകസമൂഹത്തെ ബോധ്യപ്പെടുത്താൻ ഇതിലൂടെ നമുക്ക് കഴിയണം.


1992 ഡിസംബർ 6 ന് ഇന്ത്യയുടെ നിയമ വാഴ്ചയെ വെല്ലുവിളിച്ച് ബാബരി മസ്ജിദ് തകർത്തത് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ പ്രതിഛായക്ക് മങ്ങലേല്പിച്ച കാര്യം നമുക്ക് മറക്കാൻ കഴിയില്ല.

സപ്‌തംബർ 24 ന് വിധി വരുമെന്ന വാ‍ർത്ത വന്നത് മുതൽ ദേശീയ തലത്തിൽ തന്നെ ആശങ്കയും ഉത്കണ്‌ഠയും നില നിൽക്കുന്നുണ്ടെന്നത് വസ്തുതയാണ്. വിവിധ മതസ്ഥർക്കിടയിൽ വിഭാഗീയതയുടെ മതിൽകെട്ടുകൾ സൃഷ്ടിക്കാൻ ആരെയും അനുവദിക്കരുത്. വർഗ്ഗീയതയും വിധ്വംസക പ്രവർത്തനങ്ങളും രാജ്യത്തെ പിന്നോട്ട് വലിക്കുമെൻ ഇന്ത്യയിലെ ബഹുഭൂരിവിഭാഗം ജനങ്ങളും മനസിലാക്കിയിട്ടുണ്ട്. ഇത് മുന്നിൽ കണ്ട് അവസരത്തിനൊത്തുയരാൻ വിവിധ മതവിഭാഗങ്ങൾ, രാഷ്ട്രീയ കക്ഷികൾ, ഭരണകൂടങ്ങൾ എല്ലാവർക്കും കഴിയണം. നേതാക്കൾ ആഹ്വാനം പറഞ്ഞു.


പത്രസമ്മേളനത്തിൽ സംബന്ധിച്ചവർ:


കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

(ജനറൽ സെക്രട്ടറി, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ)

സയ്യിദ് അലി ബാഫഖി തങ്ങൾ

(ട്രഷറർ, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ )

സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി

(മുശാവറ, സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമ )


പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ

(പ്രസിഡണ്ട്, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)

പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി

(ജനറൽ സെക്രട്ടറി, എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി)


എൻ.എം. സാദിഖ് സഖാഫി

(പ്രസിഡണ്ട്, എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി)




വാർത്ത ഉർദു പത്രത്തിൽ -Sahara Urdu Daily, Bangalore 21/09/2010 (Abdul Karim Amjadi, Markaz Media City )



ഈ സന്ദേശം കൈമാറുക.. നന്മയിൽ പങ്കാളികളാവുക..

7 comments:

prachaarakan said...

ബാബരി മസ്ജിദ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശക്കേസിൽ സപ്‌തംബർ 24 ന് അലഹബാദ് ഹൈക്കോടതി വിധി പറയാനിരിക്കെ, എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്ന് സമസ്ത കേരള ജം‌ഇയ്യത്തുൽ ഉലമയും കീഴ്ഘടകങ്ങളും ആഹ്വാനം ചെയ്യുന്നു.

ബഷീർ said...

ഭാരതമക്കളുടെ മനസും ശരീരവും പകുത്ത ഹീനകൃത്യവും പിന്നെ അതിനോടനുബന്ധിച്ച് ഇന്നേവരെ അരങ്ങേറിയ അക്രമങ്ങളുമെല്ലാം നമ്മുടെ രാജ്യത്തിന്റെ പുരോഗതി, അന്തസ്, ജനങ്ങൾ തമ്മിലുള്ള ഐക്യം എല്ലാ മേഖലയേയും വിപരീതമായി ബാധിച്ചുവെന്നത് നിഷേധിക്കാനാവത്ത സത്യമാണ്. ഭൂരിഭാഗം വരുന്ന ഹൈന്ദവസഹോദരങ്ങളും ,മുസ്‌ലിങ്ങളും ഇതിനെല്ലാം എതിരാണെന്നത് നല്ല പ്രതീക്ഷകൾ നല്കുന്നു

നേതാക്കളുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ, ഈ അവസ്ഥയിൽ
എല്ലാ വിഭാഗം ജനങ്ങളും വിവേകത്തിന്റെയും അത്മസംയമനത്തിന്റെയും വഴിയായിരിക്കണം സ്വീകരിക്കേണ്ടതെന്നതാണ്പറയാനുള്ളത്.

വിധി അനുകൂലാമായാലും പ്രതികൂലമായാലും ഒരു വിഭാഗം കരുതിക്കൂ‍ട്ടി കുഴപ്പങളുണ്ടാക്കാൻ കാത്തിരിക്കയാണ്. എന്ത് വിലകൊടുത്തും ഇനിയൊരു ഡിസംബർ ആവർത്തിക്കാതിരിക്കാൻ..ആ കറുത്തദിനങ്ങളുടെ പേടിപ്പെടുത്ത ഓർമ്മകൾ ദുസ്വപനമായി നമ്മെ ഞെട്ടിയുണർത്താതിരിക്കാൻ മനുഷ്യസ്നേഹികൾ ഉണർത്ത് പ്രവർത്തിക്കട്ടെ. ഭരണാധികാരികൾക്ക് ആർജ്ജവമുണ്ടാവട്ടെ. എന്ന് പ്രാർത്ഥിക്കാം..

കാസിം തങ്ങള്‍ said...

നൂറ്റാണ്ടുകളോളം ജഗന്നിയന്താവിന് ആരാധനകളര്‍പ്പിച്ചിരുന്ന ബാബരി മസ്ജിദ് ഒരു പറ്റം വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ഒരു പള്ളിയുടെ തകര്‍ച്ച മാത്രമായിരുന്നില്ല അത്. നാം ലോകത്തിനു മുമ്പില്‍ അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിച്ചിരുന്ന മതേതര സങ്കല്‍പ്പത്തിന്റെ ശോഭയെ മൊത്തം കെടുത്തിക്കളയാന്‍ വരെ ആ ഹീന കൃത്യം വഴിവെച്ചു. തങ്ങള്‍ അനുഭവിച്ച അരക്ഷിതാവസ്ഥയ്ക്കും മനോവ്യഥകള്‍ക്കുമിടയിലും ആത്മസം‌യമനത്തോടെ പ്രതിസന്ധികളെ അതിജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചത് നല്ലവരായ മറ്റു മത വിശ്വാസികളുടെയും മതേതര ശക്തികളുടെയും പിന്തുണയോട് കൂടെയായിരുന്നു. വരാനിരിക്കുന്ന വിധിയേയും പക്വതയോടെ നേരിടാനുള്ള നേതൃത്വത്തിന്റെ ആഹ്വാനം സമൂഹം ഏറ്റെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. കലാപങ്ങള്‍ക്ക് കോപ്പ് കൂട്ടാന്‍ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ നമുക്കു ചുറ്റും തക്കം പാര്‍ത്തിരിക്കുന്ന ഈ സങ്കീര്‍ണ്ണ വേളയില്‍ ആത്മസം‌യമനത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ നമുക്കാവട്ടെ എന്ന് പ്രത്യാശിക്കാം.

അനസ് വാടാനപ്പള്ളി said...

പണ്ഡിതന്മാരുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സം‌യമനം പാലിക്കാന്‍ ഒരുങ്ങുക നാം.

prachaarakan said...

ബാബരി വിധി :സമചിത്തത്തയോടെ സ്വീകരിക്കണം: നൂറുൽ ഉലമ

കാസർകോട്‌: വർഷങ്ങളുടെ പഴക്കമുള്ള ബാബരി മസ്ജിദ്‌ പ്രശ്നത്തിൽ വരാനിരിക്കുന്ന അലഹബാദ്‌ ഹൈക്കോടതി വിധിയെ രാജ്യം ഉറ്റു നോക്കുകയാണ്‌. പ്രസ്തുത കോടതി വിധി എന്തായാലും സമചിത്തത്തയോടെ സ്വീകരിക്കാൻ എല്ലാവിഭാഗം ജനങ്ങളും തയ്യാറാകണമെന്ന്‌ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസബോർഡ്‌ പ്രസിഡണ്ടും ജാമിഅ സഅദിയ്യ: അറബിയ്യ: ജനറൽ മാനേജറുമയ നൂറുൽ ഉലമാ എം. എ. അബ്ദുൽഖാദിർമുസ്ലിയാർ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിൽക്കുന്നത്‌ ജനങ്ങളുടെ പാരസ്പര്യവും സൗഹാർദ്ധവും നില നിൽക്കുമ്പോഴാണ്‌. അതിന്‌ ഭംഗം വരുത്തുന്ന ഏത്‌ പ്രവർത്തനവും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ സഹായിക്കുകയാണ്‌ ചെയ്യുക. അതാരിൽ നിന്നും ഉണ്ടാവരുത്ത്‌.

മുൻകാല അനുഭവങ്ങളിൽ നിന്ന്‌ പാഠമുൾക്കൊണ്ടുകൊണ്ട്‌ ജനങ്ങൾ ജാഗരൂകരാവണം. ബാബരി മസ്ജിദിന്റെ പേരിൽ മുതലെടുപ്പ്‌ നടത്താനായി വംശീയ കലാപങ്ങളും കുഴപ്പങ്ങളുമുണ്ടാക്കാൻ ആരെയും അനുവദിക്കരുത്‌.

ജനങ്ങൾക്ക്‌ സുരക്ഷയും നാട്ടിൽ സമാധാനവും നിലനിർത്തുന്നതിന്‌ ആവശ്യമായ നീക്കങ്ങളും നടപടികളും ഭരണകൂടത്തിന്റെയും നിയമപാലകരുടെയും ഭാഗത്തു നിന്നുണ്ടാവണം. അതിനോട്‌ സർവാത്മനാ സഹകരിക്കാൻ സംഘടനകളും ജനങ്ങളും തയ്യാറാവുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 22/09/2010

Unknown said...

അതെ!
നാനാത്വത്തിൽ ഏകത്വമെന്ന ഉത്തമ സംസ്ക്കാരം തകരാൻ നാട്ടിൽ നടക്കുന്ന ഒരു കാര്യവും കാരണമായിക്കൂടാ..
കാന്തപുരത്തെ പോലെ.എം.എ ഉസ്താദിനെ പോലെ സമൂഹത്തിനു ദിശാ ബോധം നല്കാൻ എല്ലാ മേഘലയിലുമുള്ള നേതാക്കൾ തയാറായാൽ രാജ്യത്തെ വെട്ടി മുറിക്കാൻ കോപ്പ് കൂട്ടുന്ന എല്ലാ പിന്തിരിപ്പന്മാർക്കും നിരാശരാവേണ്ടി വരും
വരാനിരിക്കുന്ന വിധി എന്തായാലും സൗഹാർദ്ദം തകരാനും സമാധാനാന്തരീക്ഷം നശിക്കാനും സഹായകമായ ഒരു നിലപാടും എവിടെ നിന്നും ഉണ്ടാവാതിരിക്കട്ടെ
താല്ക്കാലിക നേട്ടങ്ങൾക്ക് ഇത്തരം വിഷയങ്ങൾ ഉപയോഗിക്കാതിരിക്കാൻ രാഷ്ട്രീയക്കാരും സന്മനസ്സ് കാണിക്കട്ടെ
ആശംസകളോടെ.......

prachaarakan said...

@ Basheer,
@ Kasim Thangal
@ Anas
@ Muhammed,

Thanks for your comment

Related Posts with Thumbnails