Saturday, September 18, 2010

പ്രാദേശിക വികസനത്തിന്‌ പ്രാമുഖ്യം നൽകുന്നവരെ സ്ഥാനാർത്ഥികളാക്കണം: പട്ടുവം


കാസർകോട്‌: സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം പ്രാദേശിക വികസനത്തിന്‌ പ്രാമുഖ്യം നൽകുന്നവരെയും ഗ്രാമസൗഹാർദ്ദം വളർത്തുന്നവരെയും വരുന്ന തദ്ധേശ സ്ഥാപന തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രദ്ധ ചെലുത്തണമെന്ന്‌ എസ്‌.വൈ.എസ്‌ സംസ്ഥാന ട്രഷറർ പട്ടുവം കെ.പി അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. സുന്നി സെന്ററിൽ എസ്‌.വൈ.എസ്‌ ജില്ലാ കമ്മറ്റിയുടെ സൗഹൃദ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക്‌ വിപുലമായ അധികാരങ്ങളും ഫണ്ടും ഇപ്പോൾ ലഭിക്കുന്നുണ്ട്‌. ഇതുപയോഗിച്ച്‌ പ്രാദേശിക വികസനത്തിന്‌ ഊന്നൽ നൽകി ഭരണം നടത്തിയാൽ നമ്മുടെ ഗ്രാമങ്ങളിൽ വികസന വിപ്ലവമുണ്ടാക്കാൻ കഴിയും. അനർഹരായ ആളുകളുടെ കയ്യിൽ ഭരണചക്രം എത്തിപ്പെട്ടാൽ വികസന മുരടിപ്പും അഴിമതിയുമാണ്‌ ഉണ്ടാക്കുക. ഇത്‌ മുന്നിൽ കണ്ട്‌ ഗ്രാമങ്ങളെ ശക്തിപ്പെടുത്താൻ ഇഛാശക്തിയുള്ളവരെയും സൗഹാർദ്ദ മനസ്ഥിതിയുള്ളവരെയും സ്ഥാനാർത്ഥികളായി നിർത്താൻ രാഷ്ട്രീയ നേതൃത്വങ്ങളും യോഗ്യരായവരെ മാത്രം തെരെഞ്ഞെടുക്കാൻ വോട്ടർമാരും ജാഗ്രത പുലർത്തണമെന്നും പട്ടുവം ആവശ്യപ്പെട്ടു.

സൗഹാർദ്ദ ഗ്രാമം പദ്ധതിയുടെ ഭാഗമായി സ്നേഹ സമൂഹം സുരക്ഷിത നാട്‌ എന്ന പ്രമേയത്തിൽ തെരെഞ്ഞടുപ്പിന്‌ മുന്നോടിയായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും യൂണിറ്റുകളിലും സൗഹൃദ സദസ്സുകളും ഓപ്പൺ ഫോറങ്ങളും സംഘടിപ്പിക്കാൻ എസ്‌.വൈ.എസ്‌ പദ്ധതിയാവിഷ്കരിച്ചു. ലഘുലേഖ വിതരണം, കാസറ്റ്‌ പ്രാഭാഷണം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും.

ജില്ലാ എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു. സുലൈമാൻ കരിവെള്ളൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ്‌ മെമ്പർ ബി.എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, ചിത്താരി അബ്ദുല്ല ഹാജി, ഹമീദ്‌ മൗലവി ആലമ്പാടി, ഹമീദ്‌ പരപ്പ, മുനീർ ബാഖവി, മുഹമ്മദ്‌ സഖാഫി പാത്തൂർ, ബശീർ പുളിക്കൂർ, അശ്രഫ്‌ കരിപ്പൊടി, സയ്യിദ്‌ അലവി തങ്ങൾ ചെട്ടുംകുഴി, ജലീൽ സഖാഫി മാവിലാടം, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ, അബാസ്‌ അൻവരി, ഇല്യാസ്‌ കൊറ്റുമ്പ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

16/09/2010
basheer pulikkur

No comments:

Related Posts with Thumbnails