Thursday, June 10, 2010

മൗദൂദിയെ തള്ളിപ്പറഞ്ഞത് താത്കാലിക നേട്ടത്തിന്: കാന്തപുരം

ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെ തള്ളിപ്പറഞ്ഞത് താത്കാലിക നേട്ടത്തിന്: കാന്തപുരം

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെ തള്ളിപ്പറഞ്ഞത് താത്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് അഖിലേന്ത്യസുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മതരാഷ്ട്രം സ്ഥാപിക്കണമെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കരുതെന്നുമുള്ള മൗദൂദിയുടെ ആശയത്തില്‍ തന്നെയാണ് ജമാഅത്ത് നിലകൊള്ളുന്നത്. എന്നാല്‍ രാഷ്ട്രീയപ്രവേശനത്തിന് ഈ നിലപാട് തടസമാകുമെന്ന് കണ്ടാണ് മൗദൂദിയെ ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. ആരുമായെങ്കിലും സഖ്യമുണ്ടാക്കി ഒരു എം എല്‍ എ യെ സൃഷ്ടിക്കാന്‍ വേണ്ടിയാണിതെന്നും കാന്തപുരം പറഞ്ഞു. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.

സോളിഡാരിറ്റി ഒരു കടലാസ് സംഘടനയാണ്. മുസ്‌ലിംകളിലെ ഒരു ശതമാനത്തിന്റെ പിന്തുണ പോലും അവര്‍ക്കില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് 30 വര്‍ഷം മുമ്പ് തങ്ങള്‍ പറഞ്ഞതാണ്. ഇന്ത്യയിലെ ജനാധിപത്യം അംഗീകരിക്കരുതെന്നും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യരുതെന്നും പറഞ്ഞവരാണിവര്‍. മുസ്‌ലിംകളല്ലാത്തവര്‍ക്ക് വോട്ടുചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമി നേതാവ് വ്യക്തമാക്കിയിരുന്നത്. കേരള ജമാഅത്തെ ഇസ്‌ലാമിയും ഈ വാദം അംഗീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സുന്നികള്‍ ഈ വാദങ്ങളെ ശക്തമായി എതിര്‍ക്കുന്നവരാണ്. ഏതെങ്കിലും ഒരു പ്രത്യേക മതമോ വിഭാഗമോ അല്ല രാജ്യം ഭരിക്കേണ്ടതെന്ന് അന്ന് തന്നെ തങ്ങള്‍ വ്യക്തമാക്കിയിരുന്നതാണ്. സുന്നികള്‍ക്ക് പ്രത്യേക രാഷ്ട്രീയമില്ല. ന്യായമായ കാര്യങ്ങള്‍ ആരുചെയ്താലും അംഗീകരിക്കും. അല്ലാത്തതിനെ ശക്തമായി എതിര്‍ക്കും. മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് പ്രത്യേകിച്ച് ഇടപെടാറുള്ളത്. യു ഡി എഫ് ഭരിക്കുമ്പോഴും എല്‍ ഡി എഫ് ഭരിക്കുമ്പോഴും മതപരമായ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ കാര്യങ്ങളില്‍ മതസംഘടനകള്‍ ഇടപെടുന്നത് ശരിയല്ല. എന്നാല്‍ ഭരിക്കുന്നവര്‍ മതവിരുദ്ധവും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണങ്ങള്‍ക്കും നടപടികള്‍ക്കും മുതിര്‍ന്നാല്‍ പണ്ഡിതന്‍മാര്‍ ഇടപെടുമെന്നും കാന്തപുരം പറഞ്ഞു.

സുന്നി ഐക്യം എന്ന ആശയം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ ഐക്യമല്ല ലക്ഷ്യമിടുന്നത്. ഐക്യത്തിന് തങ്ങള്‍ മുന്‍കൈയെടുക്കും. ഐക്യനീക്കത്തോട് വിയോജിപ്പുള്ളവരുണ്ടോയെന്ന ചോദ്യത്തിന് ഏത് കാര്യത്തിനും ഇടംകോലിടുന്നവര്‍ എല്ലാവരിലും ഉണ്ടാകുമെന്നായിരുന്നു മറുപടി. മുസ്‌ലിംലീഗ് തങ്ങളുടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ തടഞ്ഞപ്പോഴാണ് അവരുമായി അഭിപ്രായവ്യത്യാസമുണ്ടായത്. ഇനി അതുണ്ടാകില്ലെന്നാണ് അവരുടെ നേതാക്കള്‍ പറയുന്നത്. ലീഗ് മുസ്‌ലിംകളെയെല്ലാം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണോ എന്ന ചോദ്യത്തിന് ലീഗാണ് അവരുടെ നയം പറയേണ്ടതെന്നായിരുന്നു മറുപടി. കോണ്‍ഗ്രസിനെയും, സി പി എമ്മിനെയും പോലെ മുസ്‌ലിംലീഗിനെയും ഒരു രാഷ്ട്രീയ പാര്‍ട്ടിയായാണ് തങ്ങള്‍ കാണുന്നത്. സമ്പന്ന വര്‍ഗത്തെയാണ് ലീഗ് പ്രതിനിധീകരിക്കുന്നതെന്ന അഭിപ്രായമില്ല. സമ്പന്നരും ദരിദ്രരും എല്ലാവിഭാഗത്തിലുമുണ്ട്. മുസ്‌ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങരുതെന്ന അഭിപ്രായമാണ് ആശയപരമായുള്ളതെങ്കിലും സംവരണ വാര്‍ഡുകളില്‍ സ്ത്രീകള്‍ മത്സരരംഗത്തിറങ്ങുമ്പോള്‍ വോട്ട് ചെയ്യാതെ മാറി നില്‍ക്കില്ലെന്നും കാന്തപുരം പറഞ്ഞു.

സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പാറന്നൂര്‍ പി പി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ യു ഡബ്ല്യു ജെ ജില്ലാപ്രസിഡന്റ് ആര്‍. അജിത്കുമാര്‍, എസ് വൈ എസ് സംസ്ഥാനസെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി എന്നിവരും പങ്കെടുത്തു

2 comments:

CKLatheef said...

ജമാഅത്ത് മൗദൂദിയെ തള്ളി എന്ന് ആരാണ് പറഞ്ഞത് ?

CKLatheef said...

ഇതൊന്നു വായിക്കൂ

Related Posts with Thumbnails