Thursday, June 10, 2010

പാലോളി കമ്മീഷന്‍ ശിപാര്‍ശകള്‍നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി: കാന്തപുരം



തിരുവനന്തപുരം: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മീഷന്റെ ശിപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പാക്കിയിട്ടില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വികസന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിപ്പിലെത്തണം. ജനവിരുദ്ധമായ ബന്ദ്, ഹര്‍ത്താല്‍, അക്രമസമരങ്ങള്‍ തുടങ്ങിയവ ഉപേക്ഷിക്കാന്‍ എല്ലാകക്ഷികളും തയ്യാറാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.

ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച് നിരവധി കമ്മീഷനുകള്‍ മുമ്പും രൂപവത്കരിക്കുകയും അവ യഥാസമയം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ മാറി മാറി അധികാരത്തിലെത്തിയ സര്‍ക്കാറുകള്‍ തയ്യാറായിട്ടില്ല. പാലോളി കമ്മിറ്റിയുടെ കാര്യത്തിലും ഈ അനുഭവം ആവര്‍ത്തിക്കുമെന്ന ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശയനുസരിച്ച് ബാക്ക്‌ലോഗ് നികത്തണമെന്ന ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് സംഘടിതമായി നേടിയെടുക്കുന്നുവെന്ന ആക്ഷേപം ചിലര്‍ ബോധപൂര്‍വം ഉയര്‍ത്തുന്നത്. ഇത് ശരിവെക്കും വിധം ഉത്തരവാദപ്പെട്ട നേതാക്കള്‍ പ്രസ്താവന നടത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത വളരുകയാണെന്ന വാദം ശരിയല്ല. കക്ഷിരാഷ്ട്രീയ ഭേദമന്യേ വികസന കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. യോജിപ്പ് പ്രസ്താവനകളില്‍ ഒതുങ്ങാതെ പ്രയോഗത്തില്‍ വരുത്തണം. അനാവശ്യ വിവാദങ്ങള്‍ എല്ലാ നല്ലതിനെയും മറക്കും. അക്രമസമരങ്ങളും ഹര്‍ത്താലുകളും ഉപേക്ഷിക്കണം. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അഭിപ്രായ സമന്വയമുണ്ടാക്കണം.

ഹര്‍ത്താലും ബന്ദും ജനവിരുദ്ധമാണെന്ന് പൊതുസമൂഹം സമ്മതിക്കുന്നതാണ്. ഇത് സംബന്ധിച്ച് വിവിധ കോടതികളില്‍ നിന്ന് വിധിന്യായങ്ങളുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ കൊലപാതകങ്ങളും സംഘട്ടനങ്ങളും വീണ്ടും അരങ്ങേറുന്നത് ദൗര്‍ഭാഗ്യകരമാണ്. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന നരഹത്യ അവസാനിപ്പിക്കണം. ഗാസക്ക് മേല്‍ ഇസ്രയേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇസ്‌റാഈല്‍ ഫലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്നുവെന്ന് മാത്രമല്ല, ദുരിതാശ്വസവുമായി അവിടേക്കെത്തുന്ന സന്നദ്ധപ്രവര്‍ത്തകരെയും ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള വസ്തുക്കളും തടഞ്ഞുവെക്കുകയാണ്. ഉപരോധത്തില്‍ വലയുന്നവര്‍ക്ക് സഹായവുമായി പോയ കപ്പല്‍ പോലും ഇസ്‌റാഈല്‍ സൈന്യം പിടിച്ചെടുക്കുകയുണ്ടായി. ആദ്യ കപ്പല്‍ തടഞ്ഞപ്പോള്‍ തന്നെ അന്താരാഷ്ട്ര സമൂഹം പ്രതിഷേധിച്ചു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ വീണ്ടും സഹായ കപ്പലുകള്‍ തടയുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതെല്ലാം പരിഗണിച്ച് വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടല്‍ നടത്തണം. ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
picture :www.ssfmalappuram.com

No comments:

Related Posts with Thumbnails