Tuesday, May 4, 2010

ഖാസി ബൈഅത്ത്‌ സമ്മേളനം ഇന്ന് കുമ്പളയിൽ



പോസോട്ട്‌ തങ്ങളുടെ ഖാസി ബൈഅത്ത്‌ സമ്മേളനം ചൊവ്വാഴ്ച കുമ്പളയിൽ; പ്രമുഖർ ആശിർവാദം നൽകും



കുമ്പള: കുമ്പള - മഞ്ചേശ്വരം സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ഖാസിയായി പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറാംഗവുമായ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറീഖ്‌ അൽ ബുഖാരി പോസോട്ട്‌ തങ്ങൾ ചൊവ്വാഴ്ച ചുമതലയേൽക്കും. വിവിധ മഹല്ലുകളിൽ നിന്നെത്തുന്ന പ്രതിനിധികൾ പോസോട്ട്‌ തങ്ങളെ മഹല്ല്‌ ഖാസിയായി ബൈഅത്ത്‌ ചെയ്യുമെന്ന്‌ സംഘാടകർ കാസർകോട്‌ പ്രസ്സ്‌ ക്ലബിൽ വിളിച്ചു ചേർത്ത്‌ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ചെവ്വാഴ്ച ഉച്ചയ്ക്ക്‌ 3 മണിക്ക്‌ സയ്യിദ്‌ ത്വാഹിറുൽ അഹ്ദൽ മഖാമിൽ നടക്കുന്ന കൂട്ട സിയാറത്തിനു ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷ യാത്രയായി പ്രവർത്തകർ പോസോട്ട്‌ തങ്ങളെയും അതിഥികളെയും കുമ്പള ശാന്തിപ്പള്ളം അഹ്ദൽ നഗറിലേക്ക്‌ ആനയിക്കും. 4 മണിക്ക്‌ സയ്യിദ്‌ മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങുന്ന സമ്മേളനം നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ അധ്യക്ഷത വഹിക്കും. സംയുക്ത ജമാഅത്ത്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഹസൻ അഹ്ദൽ തങ്ങൾ ആമുഖ പ്രഭാഷണം നടത്തും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ തലപ്പാവണിയിക്കും. ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാർ ഷാളണിയിക്കും. സയ്യിദ്‌ ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, സയ്യിദ്‌ ശിഹാബുദ്ദേ‍ീൻ തങ്ങൾ ആന്ത്രോത്ത്‌, സയ്യിദ്‌ ഇമ്പിച്ചിക്കോയ തങ്ങൾ തുർക്കളിഗെ എന്നിവർ ആശിർവ്വാദം നേരും. ബേക്കൽ ഇബ്‌റാഹീം മുസ്ലിയാർ, എ.കെ അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, മാണിക്കോത്ത്‌ എ.പി അബ്ദുല്ല മുസ്ലിയാർ, സി.അബ്ദുല്ല മുസ്ലിയാർ, കെ.പി ഹുസൈൻ സഅദി, ബിഎസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്ദുൽ ഖാദിർ മദനി , സുലൈമാൻ കരിവെള്ളൂർ, എ.കെ ഇസ്ശുദ്ദേ‍ീൻ സഖാഫി, മൂസ സഖാഫി കളത്തൂർ, എം അന്തുഞ്ഞി മോഗർ, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ, സി.കെ അബ്ദുൽ ഖാദിർ ദാരിമി തുടങ്ങിയവർ പ്രസംഗിക്കും.

വിവിധ മഹല്ലുകളിൽ നിന്നായി നൂറു കണക്കിനാളുകൾ സമ്മേളനത്തിൽ സംബന്ധിക്കും. നിലവിൽ ബേഡടുക്ക- കുറ്റിക്കോൽ മഹല്ല്‌ ജമാഅത്ത്‌ ഖാസിയായ തങ്ങൾ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥ്യം വഹിക്കുന്നു. മഞ്ചേശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾഹർ ജീവ കാരുണ്യ സ്ഥാപനത്തിന്റെ സാരഥിയായ തങ്ങൾ സഅദിയ്യ ഉപാധ്യക്ഷൻ സ്ഥാനവും കർണാടക മൾഹർ അക്കാദമി ഡയറക്ടർ സ്ഥാനവും വഹിക്കുന്നു.

ഒമ്പത്‌ വർഷം എസ്‌.വൈ.എസ്‌ കാസർകോട്‌ ജില്ലാ പ്രസിഡന്റ്‌ പദവിയിലുണ്ടായിരുന്ന തങ്ങൾ ഇപ്പോൾ സംസ്ഥാന ഉപാധ്യക്ഷണാണ്‌. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി കേന്ദ്ര മുശാവറ അംഗം എന്നീ നിലകളിലും സജീവമാണ്‌. മഹല്ലുകളിൽ വർധിച്ചു വരുന്ന സാംസ്കാരിക ജീർണതകൾക്കെതിരെ കൂട്ടായ പ്രവർത്തനം നടത്തുന്നതിനാണ്‌ മഞ്ചേശ്വരം- കുമ്പള മേഖലകളിലെ വിവിധ മഹല്ല്‌ പ്രതിനിധികൾ യോഗം ചേർന്ന്‌ സംയുക്ത ജമാഅത്ത്‌ കമ്മറ്റിക്ക്‌ രൂപം നൽകിയത്‌. ഈ ജമാഅത്ത്‌ പരിധിയിലെ മഹല്ല്‌ പ്രതിനിധികൾ അഭ്യർത്ഥിച്ചതനുസരിച്ചാണ്‌ സയ്യിദ്‌ മുഹമ്മദ്‌ ഉമറുൽ ഫാറൂഖ്‌ അൽ ബുഖാരി ഖാസി സ്ഥാനം ഏറ്റെടുക്കുന്നത്‌. സംയുക്ത ജമാഅത്തിനു കീഴിൽ വരുന്ന മഹല്ലുകളിൽ ധൂർത്ത്‌ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ശക്തമായ ബോധവൾകരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകും. മഹല്ലുകളെ സ്വയം പര്യാപ്തമാക്കുന്നതിന്‌ ആവശ്യമായ കർമ പദ്ധതി ബൈഅത്ത്‌ ചടങ്ങിൽ പ്രഖ്യാപിക്കും. സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ ഖാദിർ സഖാഫി മോഗ്രാൽ, മൂസ സഖാഫി കളത്തൂർ, എം. അന്തുഞ്ഞി മോഗർ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ബഷീർ പുളിക്കൂർ
03/05/2010
www.ssfmalappuram.com

No comments:

Related Posts with Thumbnails