Tuesday, April 14, 2009

സുന്നികളെ സഹായിക്കുന്നവരെ സഹായിക്കും: കാന്തപുരം

മലപ്പുറം:സുന്നികളെ പിന്തുണയ്ക്കുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഖിലേന്ത്യ സുന്നി ജംയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍. മലപ്പുറം മേല്‍മുറി മഅദിന്‍ എന്‍കൌമിയം സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംയ്യത്തുല്‍ ഉലമ നിലപാട് മാററമില്ലെന്നും അദ്ദേഹം പറഞ്ഞു. അഹ്ലുസുന്ന് വല്‍ ജമാഅത്തിനെ പിന്തുണയ്ക്കുന്നവരെ മത, സമുദായ ഭേദമന്യേ ഞങ്ങള്‍ സഹായിക്കും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാകാന്‍ ഞങ്ങളെ കിട്ടില്ല. ഒരു പ്രസ്ഥാനത്തിനോ കക്ഷിക്കോ മുതലാളിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ തീറെഴുതുന്നില്ല ഞങ്ങളുടെ പ്രസ്ഥാനം. ഇന്ത്യയിലെ എല്ലാ ജനവിഭാഗത്തെയും ഒരു പോലെ കാണുന്ന, മുസ്ലിംങ്ങളടക്കമുളള ന്യൂനപക്ഷളെ രണ്ടാം കണ്ണോട് കാണാത്ത മതേതര ജനധിപത്യ സര്‍ക്കാറിനെ തിരഞ്ഞെടുക്കണം. ഞങ്ങളെ അങ്ങുേമിങ്ങും പഴിചാരി ഭിന്നിപ്പിക്കാന്‍ ശ്രമിക്കേണ്ട. നിമിഷം കൊണ്ട് മാറുന്ന നയമല്ല ഞങ്ങളുടേത്. ഒരോ മണ്ഡലത്തില്‍ ഓരോരുത്തരെ പിന്തുണക്കുന്ന നിലപാടുണ്ടാകില്ല. ഇന്ന കക്ഷിക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു ഇടത് വലത് മുന്നണികള്‍ താല്‍കാലിക നേട്ടത്തിനു വേണ്ടി ചിലരെ വര്‍ഗീയ വാദികളെന്ന് ആക്ഷേപിക്കുന്നുണ്ട്. ഇത് മുസ്ലിം സമുദായത്തിന് തിരിച്ചടിയായാല്‍ അതിന് ഉത്തരവാദികള്‍ മുസ്ലിംങ്ങളായ രാഷ്ട്രീയക്കാരായിരിക്കുമെന്ന് കാന്തപുരം പറഞ്ഞു. പൊതുവിഷയത്തില്‍ സുന്നി പണ്ഡിതര്‍ ഒന്നിച്ചു നില്‍ക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.കെ. ഹംസ, പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി തുടങ്ങി വിദേശ രാജ്യങ്ങളിലെയടക്കം നിരവധി നേതാക്കളും പണ്ഡിതന്‍മാരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനം അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം.എ. അബ്ദുല്‍ഖാദര്‍ മുസല്യാര്‍ ഉദ്ഘാടനം ചെയ്തു. ഫസല്‍ ശിഹാബ് അല്‍ ജിഫ്രി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനം തുടങ്ങിയത്. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്‍കൌമിയം സന്ദേശം നല്‍കി. കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി, കെ.പി. ഹംസ മുസല്യാര്‍ ചിത്താരി, പൊന്മള അബ്ദുല്‍ഖാദര്‍ മുസല്യാര്‍, പേരോട് അബ്ദുല്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന പ്രവാസിസംഗമം മുനവര്‍ അത്തീഖ് രിസ്വി (ബ്രിട്ടന്‍) ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസംഗിച്ചു.

നിലപാട് വ്യക്തമാക്കുന്നു മനോരമ ന്യൂ‍സ് വീഡിയോ ഇവിടെ

1 comment:

prachaarakan said...

ഇടത് വലത് മുന്നണികള്‍ താല്‍കാലിക നേട്ടത്തിനു വേണ്ടി ചിലരെ വര്‍ഗീയ വാദികളെന്ന് ആക്ഷേപിക്കുന്നുണ്ട്. ഇത് മുസ്ലിം സമുദായത്തിന് തിരിച്ചടിയായാല്‍ അതിന് ഉത്തരവാദികള്‍ മുസ്ലിംങ്ങളായ രാഷ്ട്രീയക്കാരായിരിക്കുമെന്ന് കാന്തപുരം പറഞ്ഞു

Related Posts with Thumbnails