Thursday, June 12, 2008

പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം: 12ന്‌ എസ്‌എസ്‌എഫ്‌ കലക്ടറേററ്‌ മാര്‍ച്ച്‌

‍കാസര്‍കോട്‌: വിദ്യാഭ്യാസ വകുപ്പ്‌ ഏഴാംതരത്തിലേക്ക്‌ തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ മതവിരുദ്ധവും യാഥാര്‍ഥ്യത്തിനു നിരക്കാത്തതുമായ പാഠഭാഗങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സമരം ശക്തമാക്കാന്‍ ജില്ലാ എസ്‌ എസ്‌ എഫ്‌ തീരുമാനിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച്‌ 12ന്‌ ജില്ലാ എസ്‌ എസ്‌ എഫ്‌ നടത്തുന്ന കലക്ടറേററ്‌ മാര്‍ച്ചില്‍ വിവാദ പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലെ 300 ലേറെ യൂനിററുകളില്‍ നിന്ന്‌ അരലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി വിദ്യാഭ്യാസ വകുപ്പിനു സമര്‍പ്പിക്കുന്നതിന്‌ സംസ്ഥാന നേതാക്കള്‍ക്ക്‌ കൈമാറും.കേരള മുസ്ലിംകള്‍ക്കിടയില്‍ നവോത്ഥാന സംരംഭങ്ങള്‍ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ 1921 ല്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിതമായ മുസ്ലിം ഐക്യസംഘമാണ്‌ എന്ന പാഠഭാഗമാണ്‌ വിവാദമായത്‌. യഥാര്‍ഥത്തില്‍ ഐക്യസംഘം ഉത്ഭവിച്ചത്‌ കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ഒററക്കെട്ടായി പൊരുതിയ മുസ്ലിംകളുടെ ഐക്യം തകര്‍ക്കാനാണ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനു പാദസേവ ചെയ്ത ഒരു സംഘത്തെ മഹത്വവത്കരിക്കാന്‍ സ്കൂള്‍ പാഠപുസ്തകം ഉപയോഗിച്ചത്‌ പ്രതിഷേധാര്‍ഹമാണ്‌. അതേപാഠപുസ്തകത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന തലക്കെട്ടിലെ പാഠഭാഗങ്ങള്‍ വിദ്യാര്‍ഥികളെ മതനിരാസത്തിലേക്കും നിരീശ്വരത്വത്തിലേക്കും നയിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്‌.നൂറുകണക്കിനാളുകള്‍ അണിനിരക്കുന്ന കലക്ടറേററ്‌ മാര്‍ച്ച്‌ വിവാദ പാഠങ്ങള്‍കക്കെതിരെ ശക്തമായ താക്കീതായി മാറും. വിദ്യാനഗര്‍ ഗവ. കോളജ്‌ പരിസരത്തുനിന്ന്‌ മാര്‍ച്ച്‌ തുടങ്ങും. ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കും. എസ്‌ എസ്‌ എഫ്‌ സംസ്ഥാന ട്രഷറര്‍ ആര്‍ പി ഹുസൈന്‍ മാസ്‌ററര്‍ ഉദ്ഘാടനം ചെയ്യും.
report by‌മുഹമ്മദ്കുഞ്ഞി ഉളുവാര്‍
11/06/2008

No comments:

Related Posts with Thumbnails