ദോഹ: ആറാമത് ദോഹ മതസംവാദ സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പങ്കെടുക്കും. ഇതാദ്യമായാണ് ദോഹ മതസംവാദ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിം നേതാക്കള്‍ പങ്കെടുക്കുന്നത്. നേരത്തേ കേരളത്തില്‍ നിന്നും ചില ക്രിസ്തീയ നേതാക്കള്‍ പങ്കെടുത്തിരുന്നു. സംവാദങ്ങളില്‍ സംബന്ധിക്കുന്നതിനായി കാന്തപുരവും ശിഹാബ് തങ്ങളും അടുത്തദിവസങ്ങളിലായി ഇവിടെയെത്തും. ഇരു നേതാക്കളും മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലും സംബന്ധിക്കും. ഖത്തറിലെത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സ്വീകരിക്കുന്നതിനായി എസ്‌വൈ എസ്, രിസാല സ്റ്റഡി സര്‍കിള്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ തെയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
13നാണ് രണ്ടു ദിവസത്തെ സമ്മേളനം ആരംഭിക്കുന്നത്. മുന്‍ ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് ഖാത്തമി, ബിഷപ്പ് ഡസ്മണ്ട് ഡുഡു, വത്തിക്കാന്‍ പ്രതിനിധി കര്‍ദിനാള്‍ ജോണ്‍ ലെവിടുറന്‍, ഫ്രാന്‍സിലെ ജൂത റബി റെനിടോഗ് മാന്‍ തുടങ്ങി 250ലധികം പണ്ഡിതന്‍മാരും നേതാക്കളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ലോക പ്രശസ്ത പണ്ഡിതരും ഗവേഷകരും വ്യത്യസ്ത വിഷയങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. "മതമൂല്യങ്ങള്‍: സമാധാനവും ജീവിതാഭിമാനവും ഒരു പരിപ്രേക്ഷ്യം" എന്ന സന്ദേശത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം. മതങ്ങള്‍ തമ്മിലുള്ള ആശയ സംവാദത്തിനുള്ള വേദിയൊരുക്കി ഖത്തര്‍ സര്‍വ്വകലാശാലാ ശരീഅത്ത് വിഭാഗമാണ് മതസംവാദ സമ്മേളനത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ മതങ്ങള്‍ തമ്മിലുള്ള ആശയ സംവാദത്തിനായി സ്ഥിരം കേന്ദ്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്തര്‍ ദേശീയ മതസംവാദ കേന്ദ്രം എന്ന പേരില്‍ നിലവില്‍ വന്ന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ സമ്മേളനം.കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനവും സമ്മേളനത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്.ജീവിതവും മൂല്യങ്ങളും, മതമൌലീക വാദവും മതസംവാദവും, ഗോവധം, അവയവ ദാനം, മനുഷ്യക്കടത്ത്, മത ചിഹ്നങ്ങളെ അവഹേളിക്കല്‍, മതങ്ങളുടെ ജീവിത സങ്കല്‍പങ്ങള്‍, അക്രമവും പ്രധിരോധവും, സദാചാര മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചക്കു വിധേയമാക്കും. ഇസ്ലാമും ക്രിസ്തു മതവും തമ്മിലും ഇസ്ലാമും ജൂതമതവും തമ്മിലുമുള്ള ആശയ സംവാദത്തിനു പുറമെ കഴിഞ്ഞ സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ആശയ വ്യക്തത വരുത്തുന്നതിനുള്ള ചര്‍ച്ചകളൂം ഉണ്ടാകും.
news : www.ssfmalappuram.com
No comments:
Post a Comment