Showing posts with label markaz. Show all posts
Showing posts with label markaz. Show all posts

Monday, January 6, 2014

ജനലക്ഷങ്ങള്‍ മർകസിൽ തിരുകേശം ദർശിച്ചു.



കോഴിക്കോട്: ജനലക്ഷങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകുന്നതായി കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്ന പ്രവാചകരുടെ തിരുകേശ ദര്‍ശനം.

 തിരുകേശം ദര്‍ശിക്കാനും തിരുകേശം മുക്കിയ പുണ്യജലം സ്വന്തമാക്കാനും നാടിന്റെ നാനാ ഭാഗത്ത് നിന്നുമായി ഒഴുകിയെത്തിയ വിശ്വാസികളെക്കൊണ്ട് മര്‍കസും പരിസരവും ജനനിബിഢമായി. തിരുകേശ ദര്‍ശനത്തിനായി ഇന്നലെ രാത്രി മുതല്‍ തന്നെ മര്‍ക്കസിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. പുലര്‍ച്ചെ തിരുകേശ പ്രദര്‍ശനം തുടങ്ങും മുമ്പ് തന്നെ പ്രദര്‍ശനം കാണാനെത്തിയവരുടെ നീണ്ട നിര കാരന്തൂര്‍ അങ്ങാടിയും കഴിഞ്ഞ് നീണ്ടു. മണിക്കൂറുകള്‍ക്ക് ശേഷം തിരുകേശ ദര്‍ശനം പൂര്‍ത്തിയാകാറായപ്പോഴും ദേശീയപാതയുടെ ഇരുവശത്തും കിലോമീറ്ററുകളോള‌ം നീണ്ട ക്യൂവായിരുന്നു. മര്‍ക്കസില്‍ തിരുകേശപ്രദര്‍ശനം തുടങ്ങിയ ശേഷം അനുഭവപ്പെടുന്ന ഏറ്റവും വലിയ തിരക്കാണ് ഇത്തവണത്തേതെന്ന് വിലയിരുത്തപ്പെടുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഫസ്ല്‍ കോയമ്മ കുറ, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് കുഞ്ഞുട്ടി തിരൂര്‍ക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ്, സയ്യിദ് ആറ്റക്കോയ കുമ്പോല്‍, സയ്യിദ് ഹബീബ് കോയ പെരിന്തല്‍മണ്ണ, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, സയ്യിദ് സി എം എസ് ഉമരിയ്യ, തുറാബ് തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ശിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, വാളക്കുളം ബീരാന്‍കുട്ടി മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വെന്മേനാട് അബൂബക്കര്‍ മുസ്‌ലിയാര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍(സഅദിയ്യ), എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പി ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, ഇബ്‌റാഹിം മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മര്‍കസ് ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച ഹുബ്ബുല്‍ ഹബീബ് സമ്മിറ്റിന്റെ ഭാഗമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മര്‍കസില്‍ നിര്‍വഹിച്ച പ്രഭാഷണ ഡി വി ഡി പ്രകാശനവും ഇന്ന് ശഅ്‌റ് മുബാറക് വേദിയില്‍ നടന്നു.

കടപ്പാട്: www.sirajlive.com

Monday, September 12, 2011

മർകസിന്റെ വിദ്യഭ്യാസ പ്രവർത്തനം പ്രശംസനീയം :ലാലു പ്രസാദ്


കോഴിക്കോട്: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വെ മന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവ് കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ സന്ദര്‍ശനം നടത്തി. ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന മര്‍കസ് പൂര്‍വ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായ ലാലു, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെക്കുറിച്ചും മര്‍കസിനെക്കുറിച്ചും കൂടുതല്‍ അടുത്തറിയാന്‍ താത്പര്യം പ്രകടിപ്പിച്ചാണ് സ്ഥാപനത്തിലെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മര്‍കസ് ഭാരവാഹികള്‍ ലാലുവിനെ സ്വീകരിച്ചു. ഉച്ചക്ക് മര്‍കസിലെത്തിയ ലാലുപ്രസാദിനെ മര്‍കസ് ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഡയരക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മര്‍കസ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദരിദ്രരും അനാഥരുമായ വിദ്യാര്‍ഥികളെ ദത്തെടുത്ത് വളര്‍ത്തി വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് മനസ്സിലാക്കിയ ലാലു മര്‍കസ് ഭാരവാഹികളെ അഭിനന്ദിക്കുകയും മര്‍കസ് യതീംഖാന ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു. രാജ്യത്ത് നിരവധി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച തനിക്ക് മര്‍കസ് നല്‍കുന്നത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മഹത്തായ പാരമ്പര്യം മാതൃകയാക്കേണ്ടതാണെന്നും അടിസ്ഥാന വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയിലേക്കുള്‍പ്പെടെ കൂടുതല്‍ വ്യാപിപ്പിക്കണമെന്നും ലാലു നിര്‍ദേശിച്ചു.


ഉത്തരേന്ത്യക്കാരുള്‍പ്പെടെയുള്ള മര്‍കസ് വിദ്യാര്‍ഥികളുമായി കുശലാന്വേഷണം നടത്തി കാന്തപുരത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ച് ഇനിയും മര്‍കസ് സന്ദര്‍ശിക്കുമെന്ന ഉറപ്പ് നല്‍കിയാണ് ലാലുപ്രസാദ് മടങ്ങിയത്w





Sunday, July 31, 2011

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ ;ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്  ഇത്തവണയും മര്‍കസ് വിദ്യാര്‍ത്ഥി. കാരന്തൂര്‍ മര്‍കസുസ്സഖാഫത്തി സുന്നിയ്യ ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി  ഹാഫിസ് ശമീര്‍ (20) ആണ് ഇത്തവണ മറ്റു നൂറോളം  രാജ്യങ്ങലിലെ  മത്സരാര്‍ത്ഥികളോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
 
മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശി ആയ ശമീര്‍ കൊടക്കല്ലന്‍ മുഹമ്മദ്‌ കുട്ടിയുടെയും ഖദീജയുടെയും മകനാണ്. 2002 ല്‍ മര്‍കസ് ഹിഫ്ളുല്‍ ഖുര്‍ ആനില്‍ ചേര്‍ന്ന ശമീര്‍  2005 ല്‍ ഹാഫിസ് ബിരുദം കരസ്ഥമാക്കി.2008 ല്‍ നടന്ന സംസ്ഥാന സ്കൂള്‍ അറബിക് കലോത്സവത്തില്‍ ഖിറാഅത്തിന് ഒന്നാം സ്ഥാനം നേടിയ  ശമീര്‍ 2010 ല്‍ ഈജിപ്റ്റില്‍ നടന്ന  ഖുര്‍ആന്‍ മത്സരത്തിലും 2007 ല്‍ തിരുവനന്തപുരത്തും  2009ല്‍ കോഴിക്കോടും  നടന്ന അഖില കേരള ഖുര്‍ആന്‍ മത്സരങ്ങളിലും 2006 ല്‍ നടന്ന എസ്.എസ്.എഫ്. സംസ്ഥാന സാഹിത്യോല്സവിലും ഖിറാഅത്തിനു  ഒന്നാം സ്ഥാനം നേടിയിരുന്നു. മത്സരത്തില്‍ പങ്കെടുക്കാനായി ശമീര്‍ അടുത്ത ദിവസം ദുബൈല്‍ എത്തും.ഇത്തവ ണ യും മലയാളിയായ മത്സരാര്‍ത്ഥി  ഇന്ത്യയെ പ്രതിനിധീകരികുന്നത്തില്‍ ആവേശത്തിലാണ് യു.എ.ഇ. യിലെ മലയാളി സമൂഹം.കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മര്‍കസ് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2009 ല്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മര്‍കസ് വിദ്യാര്‍ത്ഥി  ഹാഫിസ് ഇബ്രാഹിം ഒന്നാം സ്ഥാനം നേടിയിരുന്നു
Related Posts with Thumbnails