Showing posts with label മുസ്‌ലിം ലീഗ്. Show all posts
Showing posts with label മുസ്‌ലിം ലീഗ്. Show all posts

Sunday, November 24, 2013

കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി : കാന്തപുരം


കോഴിക്കോട്: കഴിഞ്ഞ രണ്ടു മാസത്തിനിടെ മലബാറില്‍ നടന്ന അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലുള്ള കുറ്റവാളികളെ രക്ഷിക്കാനുള്ള മുസ്‌ലിം ലീഗിന്റെ ശ്രമങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍.
ഇത്തരം നീക്കങ്ങള്‍ തുടരുന്നത് ലീഗീന്റെ രാഷ്ട്രീയ ഭാവിയെ തന്നെ മുരടിപ്പിക്കും. കണ്ണൂരില്‍ മദ്‌റസ തകര്‍ത്ത പ്രതികളെ വരെ രക്ഷപ്പെടുത്തിയതിന് പിന്നില്‍ മുസ്‌ലിം ലീഗിന്റെ ഭാരവാഹികളായിരുന്നു. മുസ്‌ലിം ലീഗിന്റെയും സമസ്തയുടേയും നേതൃത്വം വഹിക്കുന്നത് പാണക്കാട് തങ്ങളാണ്. അതു കൊണ്ട് കൊലപാതകങ്ങളെയും അക്രമണങ്ങളെയും തള്ളിപറയാന്‍ പാണക്കാട് തങ്ങള്‍ തയ്യാറാവണം. എങ്കില്‍ നാട്ടില്‍ സമാധാനം പുലരുമെന്നും ഇത് പറയുന്നത് ഭീരുത്വം കൊണ്ടല്ലെന്നും മതം പഠിപ്പിച്ചതു കൊണ്ടാണെന്നും കാന്തപുരം പറഞ്ഞു. ‘യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് മിഷന്‍ 2014 ന്റെ സംസ്ഥാനതല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടും ശേഷം മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന അതിക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെട്ടവര്‍ സമസ്ത ചേളാരി വിഭാഗം പ്രവര്‍ത്തകരും ഭാരവാഹികളുമാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. കേരളത്തിലെ സാമൂഹ്യ ജീവിതത്തെ സംഘര്‍ഷ ഭരിതമാക്കാന്‍ ശ്രമിക്കുന്ന മുസ്‌ലിം സംഘടനകള്‍ ഇസ്‌ലാമിനെ സമൂഹമദ്ധ്യേ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തേണ്ടത് വിശ്വാസികളുടെ കടമയാണെന്നും കാന്തപുരം പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കുകയും ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കുകയും ചെയ്ത വര്‍ഗീയ ശക്തികളോടും ഖുര്‍ആനിനേയും പ്രവാചകനേയും അവഹേളിച്ച സല്‍മാന്‍ റുഷ്ദിയോടും സ്വീകരിച്ച അതേ സമീപനം ഓണപറമ്പിലെ പള്ളി തകര്‍ത്തവരോടും ഖുര്‍ആന്‍ കത്തിച്ചവരോടും മണ്ണാര്‍ക്കാടും എളങ്കൂറും മുസ്‌ലിംകളെ വെട്ടിക്കൊന്നവരോടും ഈ സ്വീകരിക്കുമോ എന്ന് കാന്തപുരം ചോദിച്ചു. വിശ്വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലും മതസ്ഥാപനങ്ങള്‍ സംരക്ഷിക്കലും സമസ്തയുടെ പ്രഖ്യാപിത നയമാണ്. ഈ നയം കാറ്റില്‍ പറത്തുന്നവര്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്യരുത്. മതസ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നവര്‍ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വരുംതലമുറയെ തെറ്റായി സ്വാധീനിക്കും. സമസ്ത ചേളാരി വിഭാഗം നേതൃത്വം നല്‍കിയ അതിക്രമങ്ങളില്‍ പ്രതികളായി പിടിക്കപ്പെട്ടവര്‍ ഏറെയും മുസ്‌ലിം ചെറുപ്പക്കാരാണ്. വിശ്വാസികളോട് ഏറ്റവും കരുതലോടെ ജീവിക്കണമെന്ന് മതം കല്‍പ്പിച്ച പ്രായമാണിത്. യുവാക്കളുടെ കര്‍മശേഷിയെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും സങ്കുചിത താത്പര്യങ്ങളിലേക്കും വഴിതിരിച്ചു വിടുന്നവര്‍ മതമൂല്യങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഐക്യത്തിന് എല്ലാ കാലത്തും സുന്നികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ അസ്തിത്വം നഷ്ട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ പിന്‍മാറുകമയായിരുന്നു. സാമൂഹിക ജീവിതം ദുരിതപൂര്‍ണമാക്കുന്ന ഈ ചിദ്രശക്തികള്‍ക്കെതിരെ സുന്നികള്‍ നടത്തുന്ന ആശയ നിയമപോരാട്ടങ്ങളില്‍ സര്‍ക്കാറിന്റെയും പൊതുജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.   
പ്രസംഗം ഇവിടെ കാണുക

http://www.youtube.com/watch?v=M8ytUfD-w9U


Wednesday, April 25, 2012

സമുദായത്തിന്റെ കുത്തകാവകാശം മുസ്ലിംലീഗിനല്ല: കാന്തപുരം

കൊച്ചി: മുസ്‌ലിം സമുദായത്തിന്റെ കുത്തകാവകാശം മുസ്‌ലിംലീഗിനല്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ലീഗ് വെറുമൊരു രാഷ്ട്രീയ സംഘടനയാണ്. കേരള യാത്രയോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം പറഞ്ഞു.

സുമദായത്തിന്റെ കുത്തക ലീഗ് അവകാശപ്പെട്ടാല്‍ മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെയും മുസ്‌ലിംകള്‍ക്ക് വേണ്ടിയെന്നുപറഞ്ഞ് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും അവഹേളിക്കുന്ന തരത്തിലാകും. കോണ്‍ഗ്രസിലും മറ്റ് പല പാര്‍ട്ടികളിലും മുസ്‌ലിംകളുണ്ട്്. മതത്തിന്റെ പേരില്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയോ അടിമപ്പെടുകയോ ചെയ്യുമെന്ന് കരുതുന്നില്ല. അഞ്ചാം മന്ത്രിസ്ഥാനം കൊണ്ട് മുസ്‌ലിം സമൂഹത്തിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മോശമാണ് മതത്തിന്റെ പേരിലുള്ള ചില സംഘടനകള്‍ എന്ന ആര്യാടന്റെ പ്രസ്താവനയോട്, അത്തരത്തിലുള്ളതും ഉണ്ടാകാം എന്നായിരുന്നു പ്രതികരണം. രാഷ്ട്രീയ വിലപേശലുകള്‍ നടത്തുന്നതില്‍നിന്ന് മതസാമുദായിക നേതാക്കള്‍ പിന്മാറണം. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കും.



സാമുദായിക നേതാക്കള്‍ രാഷ്ട്രീയ വിലപേശലുകള്‍ക്കു നില്‍ക്കരുത്. രാഷ്ട്രീയ തര്‍ക്കങ്ങളില്‍ കക്ഷി ചേരുകയും വിവാദങ്ങളെ സാമുദായിക ധ്രുവീകരണത്തിലേക്കു വഴിതെറ്റിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തുകയും ചെയ്യുന്നത് സമൂഹത്തെ വന്‍ വിപത്തിലേക്കു നയിക്കും. പൊതു വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ നേതാക്കള്‍ ആത്മസംയമനത്തോടെ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related Posts with Thumbnails