Saturday, January 10, 2015

ഫ്രാന്‍സിലെ കൂട്ടക്കൊല അപലപനീയം: സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി

സലാല: പ്രവാചക നിന്ദയുടെ പേരില്‍ ഫ്രാന്‍സിലെ ഷാര്‍ലി എബ്‌ദോ വാരികയുടെ പത്രാധിപരും പ്രസാധകരും കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പെടെ 12 പേരെ കൂട്ടക്കൊല ചെയ്ത ഭീകരരുടെ നടപടി അപലപനീയമാണെന്ന് മഅ്ദിന്‍ ചെയര്‍മാനും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ടുമായ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി. മ്യൂസിയം ഹാളില്‍ സലാലമീലാദ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിനാസ്പദമായ പ്രവാചക നിന്ദയും അപലപനീയമാണ്. ലോകത്ത് പല മതങ്ങളും പ്രസ്ഥാനങ്ങളുമുണ്ട്. ഒരു മതനേതാവിനെയും നിന്ദിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും ഇസ് ലാമികമല്ല. അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ നടപടി സ്വീകരിക്കേണ്ടത് ഭരണകൂടങ്ങളാണ് വ്യക്തികളല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടില്‍ അങ്ങേയറ്റം എതിര്‍ത്തവര്‍ക്ക് മാപ്പു നല്‍കിയ മാതൃകയാണ് മുഹമ്മദ് നബിയുടെത്. ഭീകരവാദത്തിലേക്ക് ക്ഷണിക്കുന്നവനും ഭീകരതക്കുവേണ്ടി കൊല്ലപ്പെടുന്നവനും നമ്മില്‍ പെട്ടവനല്ലെന്ന നബിവചനത്തിന് ഇപ്പോള്‍ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക മാതൃകയുള്‍ക്കൊണ്ട് വ്യക്തിത്വം സംസ്‌കരിക്കപ്പെടണം. പ്രവാചക സ്‌നേഹമാണ് വിശ്വാസികളുടെ വിജയത്തിന്റെ നിദാനം. സ്‌നേഹരാഹിത്യവും വ്യക്തിത്വ അപചയവും വര്‍ത്തമാന സമൂഹത്തില്‍ വ്യാപകമാണ്. തിരുനബിയില്‍ നിന്നും സ്‌നേഹവായ്പും സഹാനുഭൂതിയും സ്വജീവിതത്തിലേക്ക് പകര്‍ത്തണം. കുടുംബ വഴക്കുകള്‍ക്കും ആധുനിക സമസ്യകള്‍ക്കും പ്രവാചക തിരുമേനി പരിഹാരം നിര്‍ദേശിച്ചിട്ടുണ്ട്. സഹസ്രാബ്ദങ്ങള്‍ പിന്നിടുമ്പോഴും പ്രവാചക ദര്‍ശനങ്ങളുടെ പ്രഭ വര്‍ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും സലാലവഴിയാണ് കടന്നു പോയത്. കേരളവും ഒമാനുമായുളള ബന്ധത്തിന് സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ട്. കടല്‍ക്കാറ്റില്‍ ഇണങ്ങിയ തീരങ്ങളാണ് സലാലയും കേരളവും. ഇന്നും പ്രവാസികളിലൂടെ കേരളവും ഒമാനുമായുളള ബന്ധം സുദൃഢമായി നിലനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്ത് കര്‍മനിരതരാകുമ്പോഴും സത്യസന്ധതയും വിശ്വാസ്യതയും നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കളവു പറയുന്നത് വിശ്വാസിക്ക് അനുയോജ്യമല്ല. കളവുപറയുന്നത് കപടവിശ്വാസിയുടെ ലക്ഷണമാണെന്ന നബിവചനം പ്രത്യേകം പ്രസ്താവ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് ഫാറൂഖ് നഈമി അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. മൂല്യങ്ങളെ ജീവിതത്തില്‍ പ്രതിഷ്ഠിക്കാനുളള സന്ദേശമാണ് ഇസ് ലാമിക വിശ്വാസത്തെ പുല്‍കാന്‍ മക്കയിലേക്ക്‌ പോയ ചേരമാന്‍ പെരുമാന്‍ പെരുമാളിന്റെ ജീവിതം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തെ പ്രണയിച്ച മഹാന്‍മാര്‍ അന്ത്യവിശ്രമം കൊളളുന്ന സലാലയുടെ മണ്ണില്‍ പ്രവാസം നയിക്കുമ്പോഴും സത്യത്തിന്റെ വക്താക്കളാകാന്‍ ശ്രദ്ധിക്കണം. മുന്‍കാല മഹത്തുക്കളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സഹകരണമനോഭാവവും സഹായ സന്നദ്ധതയും സൂക്ഷ്മതയും ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയണം. ഇസ് ലാമിക ദഅ്‌വാരംഗത്ത് നബി സ്‌നേഹ പ്രചരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുനബി ശ്രേഷ്ഠമാതൃക എന്ന പ്രമേയത്തില്‍ ഐ സി എഫ്, ആര്‍ എസ് സി സംയുക്തമായാണ് മീലാദ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇന്ത്യ, ഒമാന്‍, ഈജിപ്ത്, യമന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള പ്രകീര്‍ത്തന സംഘങ്ങള്‍ പരമ്പരാഗത ശൈലിയില്‍ ആകര്‍ഷണീയമായി മൗലിദ് അവതരിപ്പിച്ചു. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ സദസ് ഉത്ഘാടനം ചെയ്തു. മൊയ്തുട്ടി ഫൈസി അധ്യക്ഷനായിരുന്നു. ഹബീബ് അഷ്‌റഫ്, ഹനീഫ ബാഖവി, സംസാരിച്ചു. സ്വദേശി പ്രമുഖരും വിവിധ രാജ്യങ്ങളില്‍ നിന്നുളള വരും സംബന്ധിച്ചു. ഈജിപ്ഷ്യന്‍ സംഘം പ്രകീര്‍ത്തനത്തോടൊപ്പം ഖിറാഅത്തും ഉത്‌ബോധനവും നടത്തി. © #SirajDaily ● Read more ► http://www.sirajlive.com/2015/01/10/157414.html

Monday, January 6, 2014

ജനലക്ഷങ്ങള്‍ മർകസിൽ തിരുകേശം ദർശിച്ചു.



കോഴിക്കോട്: ജനലക്ഷങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകുന്നതായി കാരന്തൂര്‍ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നടന്ന പ്രവാചകരുടെ തിരുകേശ ദര്‍ശനം.

 തിരുകേശം ദര്‍ശിക്കാനും തിരുകേശം മുക്കിയ പുണ്യജലം സ്വന്തമാക്കാനും നാടിന്റെ നാനാ ഭാഗത്ത് നിന്നുമായി ഒഴുകിയെത്തിയ വിശ്വാസികളെക്കൊണ്ട് മര്‍കസും പരിസരവും ജനനിബിഢമായി. തിരുകേശ ദര്‍ശനത്തിനായി ഇന്നലെ രാത്രി മുതല്‍ തന്നെ മര്‍ക്കസിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. പുലര്‍ച്ചെ തിരുകേശ പ്രദര്‍ശനം തുടങ്ങും മുമ്പ് തന്നെ പ്രദര്‍ശനം കാണാനെത്തിയവരുടെ നീണ്ട നിര കാരന്തൂര്‍ അങ്ങാടിയും കഴിഞ്ഞ് നീണ്ടു. മണിക്കൂറുകള്‍ക്ക് ശേഷം തിരുകേശ ദര്‍ശനം പൂര്‍ത്തിയാകാറായപ്പോഴും ദേശീയപാതയുടെ ഇരുവശത്തും കിലോമീറ്ററുകളോള‌ം നീണ്ട ക്യൂവായിരുന്നു. മര്‍ക്കസില്‍ തിരുകേശപ്രദര്‍ശനം തുടങ്ങിയ ശേഷം അനുഭവപ്പെടുന്ന ഏറ്റവും വലിയ തിരക്കാണ് ഇത്തവണത്തേതെന്ന് വിലയിരുത്തപ്പെടുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് യുസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഫസ്ല്‍ കോയമ്മ കുറ, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് കുഞ്ഞുട്ടി തിരൂര്‍ക്കാട്, സയ്യിദ് ഉമറുല്‍ ഫാറൂഖ്, സയ്യിദ് ആറ്റക്കോയ കുമ്പോല്‍, സയ്യിദ് ഹബീബ് കോയ പെരിന്തല്‍മണ്ണ, പി കെ എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, സയ്യിദ് സി എം എസ് ഉമരിയ്യ, തുറാബ് തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, ശിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, വാളക്കുളം ബീരാന്‍കുട്ടി മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, വെന്മേനാട് അബൂബക്കര്‍ മുസ്‌ലിയാര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍(സഅദിയ്യ), എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പി ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, ഇബ്‌റാഹിം മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മര്‍കസ് ഇഹ്‌യാഉസ്സുന്ന സംഘടിപ്പിച്ച ഹുബ്ബുല്‍ ഹബീബ് സമ്മിറ്റിന്റെ ഭാഗമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മര്‍കസില്‍ നിര്‍വഹിച്ച പ്രഭാഷണ ഡി വി ഡി പ്രകാശനവും ഇന്ന് ശഅ്‌റ് മുബാറക് വേദിയില്‍ നടന്നു.

കടപ്പാട്: www.sirajlive.com

Related Posts with Thumbnails