Thursday, April 19, 2012

ശുദ്ധജല വിതരണം കാര്യക്ഷമമാക്കണം: കാന്തപുരം


മഞ്ചേരി: സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കാര്യക്ഷമതയോടെ ഇടപെടണമെന്നും കേരളത്തിന് സമഗ്രമായ ഒരു ജലനയം രൂപവത്കരിക്കണമെന്നും സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കേരളയാത്രക്ക് മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ജലത്തിന്റെ വന്‍തോതിലുള്ള ലഭ്യതയാണ് കേരളത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എണ്ണപ്പെട്ടിരുന്നത്. ഈ സ്ഥിതി ഇന്നുമാറി. കാലാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ ശുദ്ധജല ശേഖരത്തെ വന്‍തോതില്‍ ബാധിച്ചിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം ഒരു സാമൂഹിക പ്രശ്‌നമായി മാറിക്കഴിഞ്ഞു. മുമ്പ് നമ്മുടെ അയല്‍പക്ക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ പൊതുകിണറുകളും, പൊതുകുളങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുഴകള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും മണല്‍ വാരാനുമുള്ള ഒരിടം മാത്രമായി മാറിയിട്ടുണ്ട്. നമ്മുടെ ജീവ നാഡികളാണ് പുഴകള്‍. അവയെ ദുരുപയോഗം ചെയ്യുന്നത് മനുഷ്യസമൂഹത്തോട് ചെയ്യുന്ന കുറ്റ കൃത്യമാണ്.



വേനല്‍കാലത്തെ ശുദ്ധജല ക്ഷാമം മുതലെടുക്കാനുള്ള സ്വകാര്യ ഏജന്‍സികളുടെ നീക്കങ്ങളെ സര്‍ക്കാര്‍ ഫലപ്രദമായി കൈകാര്യം ചെയ്യണം. ജല വിതരണം പൂര്‍ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. ശുദ്ധജല വിതരണത്തിന്റെ മറവില്‍ ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്യുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ കൊണ്ട് വരാന്‍ വാട്ടര്‍ അതോറിറ്റി പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ശ്രദ്ധചെലുത്തണമെന്നും കാന്തപുരം പറഞ്ഞു.


No comments:

Related Posts with Thumbnails