Monday, August 8, 2011

കുടുംബബന്ധങ്ങളുടെ ശൈഥില്യത്തിനു കാരണം മാതൃത്വത്തിന്റെ വിലയറിയാത്തത്: റഹ്മത്തുല്ലാഹ് സഖാഫി എളമരം


കാസര്കോട്: വര്ധിച്ചുവരുന്ന കുടുംബകലഹങ്ങള്ക്കും ശൈഥില്യങ്ങള്ക്കും കാരണം ആധുനിക സമൂഹം മാതൃത്വത്തിനു വിലകല്പിക്കാത്തതുകൊണ്ടാണെന്ന് ഖുര്ആന് പണ്ഡിതന് റഹ്മത്തുല്ലാഹ് സഖാഫി എളമരം അഭിപ്രായപ്പെട്ടു. ജില്ലാ എസ് വൈ എസ് ആഭിമുഖ്യത്തില് കാസര്കോട് നടന്നുവരുന്ന റമസാന് പ്രഭാഷണ പരമ്പരയില് രക്ഷിതാക്കളുടെ ബാധ്യതകള് എന്ന വിഷയത്തില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാതാവിന്റെ കാല്ക്കീഴിലാണ് സ്വര്ഗലോകമെന്നാണ് പ്രവാചകര് പഠിപ്പിച്ചത്. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകരേണ്ട പ്രായത്തില് തന്നെ കുരുന്നുകളെ പോറ്റാന് ബോര്ഡിംഗുകളിലേല്പിക്കുന്ന രക്ഷിതാക്കളും പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കയക്കുന്ന മക്കളും വര്ധിച്ചുവരുന്ന കാലമാണിത്. മുലയൂട്ടല് മുതല് കൗമാരം വരെ സന്താനങ്ങളുടെ മേല് രക്ഷിതാക്കള്ക്കു ശ്രദ്ധയുണ്ടാകണം. സൗന്ദര്യം നഷ്ടപ്പെടുന്നത് ഭയന്ന് മൂലയൂട്ടാന് മടിക്കുന്ന അമ്മമാര് കുഞ്ഞിന് ലഭിക്കേണ്ട സമീകൃതാഹാരം നഷ്ടപ്പെടുത്തുന്നതിന് പുറമെ സ്തനാര്ബുദം ക്ഷണിച്ചുവരുത്തുകയാണ്. ശാസിച്ചും തലോടിയും കുഞ്ഞിന് മാതൃകയായി നില്ക്കാന് രക്ഷിതാക്കള്ക്കാകണം.

പ്രായമുള്ള രക്ഷിതാക്കള്ക്കു കാരുണ്യം ചെയ്തുകൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം. മക്കള് വിവാഹിതരാകുന്നതോടെ രക്ഷിതാക്കള് തെരുവിലാകുന്ന അവസ്ഥയുണ്ടാകരുത്. നാത്തൂന് പോരുകളും കുടുംബകലഹങ്ങളും കുറച്ചുകൊണ്ടുവരാന് വിവാഹജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവര് ശ്രദ്ധിക്കണം. മകള്ക്കു മാതൃകയാവുന്ന നിലയില് ഗാര്ഹികാന്തരീക്ഷം വളര്ത്തിക്കൊണ്ടുവരാന് മാതാപിതാക്കള് പരിശ്രമിക്കണം - സഖാഫി ഓര്മിപ്പിച്ചു.

രണ്ടാം ദിവസം എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ബി കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം അലിക്കുഞ്ഞി മുസ്ലിയാര് സമൂഹ പ്രാര്ഥനക്കു നേതൃത്വം നല്കി. സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങല് കല്ലക്കട്ട, ഖമറലി തങ്ങള്, ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല് ഖാദിര് മദനി, സുലൈമാന് കരിവെള്ളൂര്, മുഹമ്മദ് സഖാഫി പാത്തൂര്, ഹമീദ് മൗലവി ആലംപാടി, അശ്റഫ് അശ്റഫി, മൂസല് മദനി തലക്കി, ജബ്ബാര് ഹാജി, അമീറലി ചൂരി, ബശീര് പുളിക്കൂര് തുടങ്ങിയവര് സംബന്ധിച്ചു. ഹമീദ് പരപ്പ സ്വാഗതവും അശ്റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു


No comments:

Related Posts with Thumbnails