Sunday, October 3, 2010

മഹല്ലുകൾ കേന്ദ്രീകരിച്ച്‌ എസ്‌.വൈ.എസ്‌ സമഗ്ര ബോധവൽകരണ പരിപാടി നടത്തുന്നു

മലപ്പുറം: മുസ്ലിം മഹല്ലുകൾ കേന്ദ്രീകരിച്ച്‌ എസ്‌.വൈ.എസ്‌ സംസ്ഥാന വ്യാപകമായി സമഗ്ര ബോധവൽകരണ പരിപാടി നടത്തുന്നു. “സ്നേഹസമൂഹം സുരക്ഷിതനാട്‌” എന്ന പ്രമേയത്തിൽ നടത്തി വരുന്ന സൗഹൃദഗ്രാമം കർമ്മപദ്ധതികൾ സെപ്തംബർ 31ന്‌ അവസാനിച്ചതോടെ പുതിയ പരിപാടികൾക്ക്‌ തുടക്കമാവും. വർദ്ധിച്ചു വരുന്ന അധാർമ്മിക പ്രവണതകൾക്കും അരാജകത്വത്തിനുമെതിരെ ക്രിയാത്മക പ്രതിരോധം തീർക്കുകയാണ്‌ ആറു മാസം നീണ്ടു നിൽകുന്ന കർമപദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്‌. മലപ്പുറം വാദീസലാമിൽ നടന്ന ജില്ലാ എക്സിക്യൂട്ടീവ്‌ ക്യാമ്പ്‌ ജില്ലയിലെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ അന്തിമ രൂപം നൽകി. പദ്ധതിയുടെ പഠനം ലക്ഷ്യമിട്ട്‌ നവമ്പർ 15നകം ജില്ലയിലെ മുഴുവൻ മേഖലകളിലും പ്രവർത്തക ക്യാമ്പുകൾ നടക്കും. തുടർന്ന്‌ സന്നദ്ധസേനാംഗങ്ങളായ കർമ്മസമിതിയുടെ പഞ്ചായത്ത്‌ തല ക്യാമ്പുകളും നടക്കും. നവംമ്പർ 30 വരെ മലയാളിയുടെ ആദർശ വായന എന്ന പ്രമേയത്തിൽ സാഹിത്യ പ്രചാരണം സംഘടിപ്പിക്കും. ആസന്നമായ ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയനിലപാടുകൾ സംബന്ധിച്ചും ക്യാമ്പ്‌ ചർച്ച ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദ്ദേശങ്ങളും സംസ്ഥാന വാർഷിക കൗൺസിൽ അംഗീകരിച്ച നയരേഖയും അടിസ്ഥാന മാക്കിയുള്ള നിലപാടുകളാണ്‌ സംഘടന കൈകൊള്ളുക.

ജില്ലാ പ്രസിഡണ്ട്‌ പികെഎം സഖാഫി ഇരിങ്ങല്ലുർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.കെ അഹമ്മദ്‌ കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സംസ്ഥാന സെക്രട്ടറി എൻ. അലി അബ്ദുല്ല, സി.പി സെയ്തലവി മാസ്റ്റർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി എം മുസ്തഫ കോഡൂർ, വടശേരി ഹസൻ മുസ്ലിയാർ പ്രസംഗിച്ചു.

27/09/2010
Umer Perinthattiri

No comments:

Related Posts with Thumbnails