Tuesday, September 7, 2010

ഭീകര-വിഘടന വാദങ്ങള്‍ക്കെതിരെ പ്രതിജ്ഞ ചൊല്ലി രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റംസാന്‍ സംഗമത്തിനു സമാപനം. അലകടലായി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സാക്ഷി. സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത വിശ്വസംഗമത്തില്‍ താജുല്‍ ഉലമയുടെ ധന്യ അദ്ധ്യക്ഷത പ്രാര്‍ത്ഥനാസമ്മേളനത്തെ നിയന്ത്രിച്ചു.ഭീകര-വിഘടന വാദങ്ങള്‍ക്കെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്‍ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയുംസമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും പാരായണ വിദഗ്ധനുമായ സയ്യിദ് മുഹമ്മദ് അലി ബാഅലവി മുഖ്യാതിഥിയായിരുന്നു.

സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുമെന്ന പ്രതിജ്ഞയും തെറ്റ്കുറ്റങ്ങള്‍ ഏറ്റ്പറഞ്ഞ്‌കൊണ്ടുള്ള പ്രാര്‍ത്ഥനയും വിശ്വാസികള്‍ക്ക് അനിര്‍വചനീയമായ ആത്മീയ വിരുന്നായി. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാസമ്മേളന പരിപാടികള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായ ഒരുക്കങ്ങളുണ്ടായിരുന്നു. പത്തോളം ഗ്രൗണ്ടുകളില്‍ ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും സ്ഥാപിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാനും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാനും തല്‍സമയ സംപ്രേക്ഷണം മുഖേനയും വെബ്ഹബ് വഴിയും സൗകര്യമൊരുക്കിയിരിക്കുന്നു.

പണ്ഡിതന്മാരുടെയും ആത്മീയ വ്യക്തിത്വങ്ങളുടെയും ഇടപെടലുകളാണ് തീവ്രവാദത്തെയും ഭീകരവാദത്തെയും തടയിടുന്നതില്‍ നിര്‍ണായകമെന്നും അവര്‍ കാലങ്ങളായി ഈ ദൗത്യം ഭംഗിയായി നിര്‍വ്വഹിച്ചു പോന്നിട്ടുണ്ടെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉല ജന. സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മതപരമോ വര്‍ഗപരമോ ആയ വേര്‍തിരിവുകള്‍ക്കതീതമായ ജീവിത വഴിയാണ് ഇസ്‌ലാമിക ആത്മീയയുടെ അകക്കാമ്പ്. ആത്മീയ നായകന്മാരും സൂഫി പണ്ഡിതരും സമഭാവനയുടെ ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടു. ആത്മീയ ചൈതന്യത്തിലൂന്നിയ ജീവിതത്തിനല്ലാതെ നിലനില്‍പ്പില്ലെന്നും മതത്തിന്റെ സാരാംശങ്ങള്‍ ഹൃദയത്തിലൂട്ടപ്പെട്ടവരാണ് ധര്‍മ സമൂഹത്തിന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയതങ്ങള്‍ എന്നിവര്‍ വിവിധ ദൂആകള്‍ക്ക് നേതൃത്വം നല്‍കി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് അഹ്മദ് കുഞ്ഞുട്ടി തങ്ങള്‍, പൂക്കോയതങ്ങള്‍ തലപ്പാറ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങി പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും വലിയൊരു നിര തന്നെ പ്രാര്‍ത്ഥനാസംഗമത്തിന് അനുഗ്രഹസാന്നിദ്ധ്യമായി.


news & pics
http://www.muhimmath.com/


No comments:

Related Posts with Thumbnails