Sunday, July 18, 2010

ഭീകരതയുടെ പേരിൽ സമുദായത്തെയാകെ പ്രതിക്കൂട്ടിലാക്കരുത്‌: സുന്നി നേതാക്കൾ


കണ്ണൂർ: സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത വിഭാഗം നടത്തുന്ന ഭീകര പ്രവർത്തനങ്ങളുടെ പേരിൽ സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്ന്‌ എസ്‌ വൈ എസ്‌, എസ്‌ എസ്‌ എഫ്‌ കണ്ണൂർ ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തിലാണ്‌ സമീപകാലത്ത്‌ ചില മേഖലയിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ. ഇത്‌ കാരണം മത വിശ്വാസികൾ ഒന്നാകെയാണ്‌ അപമാനിക്കപ്പെടുന്നതെന്ന്‌ എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ എൻ അബ്ദുല്ലത്വീഫ്‌ സഅദി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഗൗരവത്തിൽ തന്നെയാണ്‌ സമുദായം കാണുന്നത്‌. ഇത്തരം പ്രവർത്തനങ്ങളിലേക്ക്‌ ആകർഷിക്കുന്നവരെ മാറ്റിയെടുക്കാൻ എസ്‌ വൈ എസ്‌ ക്യാമ്പയിൽ സംഘടിപ്പിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

പഴയ കാലത്തെ സാഹോദര്യവും ബഹുമാനവുമൊക്കെ തിരിച്ചു കൊണ്ട്‌ വരുന്ന അവസ്ഥ യുണ്ടാകണം. വളർന്ന്‌ വരുന്ന ഭീകരതയെ ചെറുക്കാൻ ശക്തമായ നടപടികളാണ്‌ ഉണ്ടാകേണ്ടത്‌. ഇത്തരം ശക്തികളെ ചെറുത്ത്‌ തോൽപിക്കാൻ ഒറ്റക്കെട്ടായ ശ്രമം വേണം. അതോടൊപ്പം ഭീകരവാദം വളരാനിടയാക്കുന്ന സാഹചര്യവും കണെ​‍്ടത്തി ഇല്ലാതാക്കാൻ നടപടിയെടുക്കണം. അധ്യാപകന്റെ കൈ വെട്ടിയ സംഭവം ന്യായീകരിക്കാൻ ആവില്ല. അധ്യാപകന്‌ ആവശ്യമായ സംരക്ഷണം കൊടുക്കാതിരുന്നത്‌ സർക്കാരിന്റെ വീഴ്ച തന്നെയാണ്‌. നാട്ടിൽ ഭീകരവാദവും വിധ്വംസക പ്രവർത്തനങ്ങളും വളരുമ്പോൾ നടപടി സ്വീകരിക്കേണ്ട കേന്ദ്ര, സംസ്ഥാന ഭരണാധികാരികൾ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്‌. വിഷയത്തിന്റെ ഗൗരവം അവർ മനസ്സിലാക്കുന്നില്ല.

മുസ്ലിം ജന വിഭാഗങ്ങളിൽ വലിയതോതിൽ പോപ്പുലർ ഫ്രണ്ടിലേക്കും എസ്‌ ഡി പി ഐ യിലേക്കും ഒഴുകുന്നുണ്ടെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്ന്‌ ചോദ്യത്തിനുത്തരമായി അബ്ദുൽലത്വീഫ്‌ സഅദി പറഞ്ഞു. തീവ്രവാദി ശക്തികൾക്കെതിരെ മഹല്ല്‌ തലത്തിൽ ജാഗ്രത വേണം. സമാധാനത്തിന്റെയും വിശ്വസ്തത്തയുടെയും കേന്ദ്രമായി ഇക്കാലമത്രയും പ്രവർത്തിച്ചുവരുന്ന ആരാധനാലയങ്ങളും പരിസരങ്ങളും സ്ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടെയും ശേഖരണ കേന്ദ്രമാക്കി മാറ്റാൻ മതം പഠിക്കാത്തവർ നടത്തുന്ന ശ്രമങ്ങളെ സമൂഹം കരുതിയിരിക്കണം.

അക്രമത്തെ അക്രമംകൊണ്ട്‌ നേരിടുക എന്ന പ്രതികാര ശാസ്ത്രത്തെ ഒരിക്കലും ഇസ്ലാം അംഗീകരിച്ചിട്ടില്ല. ആരാധനാലയങ്ങളോട്‌ ചേർന്ന്‌ കിടക്കുന്ന സ്ഥലങ്ങൾ ദുശ്ശക്തികൾ ദുരപയോഗം ചെയ്യുന്നത്‌ മതസ്നേഹികൾ കരുതിയിരിക്കണം. എടക്കാട്‌ മണൽപറമ്പ്‌ പള്ളിപ്പറമ്പിനോട്‌ ചേർന്ന്‌ കിടക്കുന്ന ഷെഡ്ഢിൽ നിന്നും സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും പിടികൂടിയ സംഭവം മതവിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്‌. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ നിഷ്പക്ഷാന്വേഷണത്തിലൂടെ കണെ​‍്ടത്തി അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണം. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അശ്‌റഫ്‌ സഖാഫി കടവത്തൂർ, അബ്ദുൽ റസാഖ്‌ മാണിയൂർ, എസ്‌ എസ്‌ എഫ്‌ ജില്ലാ പ്രസിഡന്റ്‌ അബ്ദുൽറശീദ്‌ സഖാഫി, ജന. സെക്രട്ടറി ഷാജഹാൻ മിസ്ബാഹി എന്നിവരും പങ്കെടുത്തു.

17/07/2010
abu yaseen ahsani

3 comments:

prachaarakan said...

തീവ്രവാദി ശക്തികൾക്കെതിരെ മഹല്ല്‌ തലത്തിൽ ജാഗ്രത വേണം. സമാധാനത്തിന്റെയും വിശ്വസ്തത്തയുടെയും കേന്ദ്രമായി ഇക്കാലമത്രയും പ്രവർത്തിച്ചുവരുന്ന ആരാധനാലയങ്ങളും പരിസരങ്ങളും സ്ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടെയും ശേഖരണ കേന്ദ്രമാക്കി മാറ്റാൻ മതം പഠിക്കാത്തവർ നടത്തുന്ന ശ്രമങ്ങളെ സമൂഹം കരുതിയിരിക്കണം.

Unknown said...

തീവ്രവാദികള്‍ മതത്തെ രക്ഷപെടാനുള്ള മറയാക്കുമ്പോള്‍ മിണ്ടാതിരുന്നാല്‍ ഇങ്ങനെ മനുഷ്യര്‍ ചിന്തിക്കും എന്ന് എന്തേ സാധാമുസ്ലീങ്ങള്‍ ചിന്തിക്കാത്തത്? അവരെ നേര്‍വഴിക്ക് നടത്താന്‍ പറ്റുന്ന മതനേതാക്കള്‍ എന്തേ ഇല്ലാതാകുന്നു? ചെറുതായെങ്കിലും അതിനു ശ്രമിക്കുന്നതിനു ആശംസകള്‍.

prachaarakan said...

@ ശിവ കുമാർ,

യഥാർത്ഥ മത നേതാക്കൾ,സംഘടനകൾ അവരുടെ പ്രവർത്തനങ്ങൾ ശ്രമങ്ങൾ നടത്തുന്നത് മാധ്യമങ്ങൾ പ്രോജക്റ്റ് ചെയ്യാറില്ല. മതത്തിന്റെ പേരിലും അല്ലാതെയും അരുതായ്മകൾ നടക്കുന്നത് കൊട്ടിഘോഷിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്നു .

അഭിപ്രായം അറിയിച്ച നല്ല മനസിനു നന്ദി

Related Posts with Thumbnails