ശൈഖ് അഫീഫുദ്ദേീൻ ജീലാനി
മലപ്പുറം : ഇസ്ലാമിക ആധ്യാത്മ രംഗത്തെ അതുല്യ വ്യക്തിത്വമായ ശൈഖ് അബ്ദുൽഖാദിർ ജീലാനിയുടെ പിന്മുറക്കാരന് മുസ്ലിംകേരളം ആദരങ്ങളോടെ വരവേൽപ്പുനൽകി. മലപ്പുറം സ്വലാത്ത്നഗറിൽ മഅ്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ സംഘടിപ്പിച്ച ജീലാനി ആത്മീയ സംഗമത്തിലും സ്വലാത്ത് മജ്ലിസിലും സംബന്ധിക്കുന്നതിനായി ബഗ്ദാദിൽ നിന്നെത്തിയ ശൈഖ് അഫീഫുദ്ദീൻ ജീലാനി പതിനായിരങ്ങൾ സംബന്ധിച്ച ആത്മീയ സംഗമത്തിന് നേതൃത്വമായി.
കേരളസമൂഹത്തിന് ജീലാനി കുടുംബത്തോടുള്ള അടുപ്പത്തിന്റെ പ്രതീകമായി മുഹ്‌യിദ്ദീൻ മാലയുടെ പ്രത്യേകം തയ്യാറാക്കിയ പ്രതി മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി അദ്ദേഹത്തിനു സമ്മാനിച്ചു. തന്റെ പിതാമഹന്റെ ജീവിതത്തെക്കുറിച്ച് മലയാള ലിപി രൂപപ്പെടുന്നതിനു മുമ്പ് രചിക്കപ്പെട്ട മാലപ്പാട്ട് ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വത്തിന്റെ മഹത്വം വെളിപ്പെടുത്തുന്നതും ഏതു പ്രതിസന്ധികൾക്കിടയിലും ആത്മവിശ്വാസം നൽകുന്നതുമാണ് മുഹ്‌യിദ്ദീൻ ശൈഖ് നൽകിയ ജീവിതപാഠങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശൈഖ് അഫീഫുദ്ദീൻ ജീലാനിക്ക് മഅ്ദിൻ ചെയർമാൻ സയ്യിദ്‌ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി മുഹ്‌യിദ്ദേീൻ മാലയുടെ കോപ്പി സമ്മാനിക്കുന്നു
ഇറാഖിലെ വർത്തമാനകാല ദുരന്തങ്ങൾ ഒരു രാജ്യത്തിന്റെ മാത്രം ദു:ഖമല്ലെന്നും സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ഒരു ഭൂപ്രദേശത്തിന്റെ മരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട സംസ്കാരങ്ങളും, വിവിധ മതങ്ങളും ജനവിഭാഗങ്ങളും സമ്പുഷ്ടമാക്കിയ പാരമ്പര്യവുമാണ് അധിനിവേശത്തോടെ തകർത്തെറിയപ്പെട്ടത്. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിലൂടെയാണ് ലോകത്തോടുള്ള നമ്മുടെ കടമ നിറവേറ്റപ്പെടുകയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
രണ്ടു ദിവസങ്ങളിലായി സ്വലാത്ത് നഗറിൽ നടന്ന പരിപാടികളിൽ മുഹ്‌യിദ്ദീൻമൗലിദ് പാരായണം, ഉദ്ബോധന ചടങ്ങ്, സ്വലാത്ത്, ദുആ മജ്ലിസ് എന്നിവ നടന്നു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, ഹബീബ്കോയ തങ്ങൾ ചെരക്കാപ്പറമ്പ്, തരുവണ അബ്ദുല്ല മുസ്ലിയാർ, സി. കെ മുഹമ്മദ് ബാഖവി, ഡോ. എ. പി അബ്ദുൽ ഹക്കീം അസ്‌ഹരി തുടങ്ങിയവർ സംബന്ധിച്ചു.മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽ ജീലാൻ ഇന്റർനാഷനലിന്റെ സ്ഥാപകൻ കൂടിയായ അഫീഫുദ്ദീൻ ജീലാനി ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പത്തൊൻപതാമത് പേരമകനാണ്. തന്റെ പിതാമഹന്റെ അനുസ്മരണ പരിപാടിയിൽ സംബന്ധിക്കുന്നതിനായി മാത്രം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്
mahdinonline@gmail.com
No comments:
Post a Comment