Monday, January 19, 2009

ശരീഅത്ത്‌: തീര്‍പ്പ്‌ കല്‍പിക്കാനുള്ള അധികാരം പണ്ഡിതന്മാര്‍ക്ക്‌: കാന്തപുരം

കോഴിക്കോട്‌: ഇസ്ലാമിക ശരീഅത്ത്‌ നിത്യപ്രസക്തമാണെന്നും ആ തത്വങ്ങളില്‍ കൈകടത്താനുള്ള ഒരു നീക്കവും മുസ്ലിം സമുദായം അനുവദിക്കില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. അല്ലാഹുവിന്റെ നിയമമാണ്‌ ശരീഅത്ത്‌. വിശുദ്ധ ഖുര്‍ആനും തിരുനബി ചര്യകളും വിശുദ്ധാത്മാക്കളായ പണ്ഡിതരുടെ ഏകോപിച്ച തീരുമാനങ്ങളുമാണ്‌ അതിന്റെ അടിസ്ഥാനം. ഇടമുറിയാത്ത വിശുദ്ധ പാരമ്പര്യത്തിലൂടെ മുസ്ലിം സമുദായത്തിനു കൈവന്ന ആ ദര്‍ശനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറുകള്‍ക്കോ കമ്മീഷനുകള്‍ക്കോ മറ്റുസംവിധാനങ്ങള്‍ക്കോ അധികാരമില്ല അദ്ദേഹം ചൂണ്ടിക്കാട്ടി. മര്‍കസ്‌ സമ്മേളനത്തില്‍ സനദ്‌ ദാന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം ഇസ്ലാമിക നിയമങ്ങള്‍ പഴഞ്ചനാണെന്നും അവ സമൂലം പുതുക്കണമെന്നുമുള്ള പ്രചരണങ്ങള്‍ മുസ്ലിംകളെ ആദര്‍ശപരമായി ഷണ്ഡീകരിക്കാനുള്ള കുതന്ത്രമാണ്‌. ഈ പ്രചാരണ കോലാഹലങ്ങളില്‍ ഭരണകൂടങ്ങളും നീതിന്യായ സംവിധാനങ്ങളും വാര്‍ത്താമാധ്യമങ്ങളും വീണുപോകരുത്‌. ശരീഅത്ത്‌ വിഷയങ്ങളില്‍ വിധി പറയാനും തീര്‍പ്പ്‌ കല്‍പിക്കാനുമുള്ള അധികാരം മതം പഠിച്ച പണ്ഡിതന്മാര്‍ക്കാണ്‌. മതം പഠിക്കാത്തവര്‍ അബദ്ധം പറഞ്ഞ്‌ സൗഹൃദാന്തരീക്ഷം തകര്‍ക്കരുത്‌. മത ധര്‍മ്മ നീതി ശാസ്ത്രങ്ങള്‍ പൊളിച്ചെഴുതി ഭൗതികതയില്‍ അധിഷ്ഠിതമായ ജീവിത രീതിയിലേക്ക്‌ സമൂഹത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി സന്താന നിയന്ത്രണം വരുത്തണമെന്ന മുറവിളികള്‍ ഇത്തരത്തിലുള്ളതാണ്‌. തലമുറകളെ കൊലക്ക്‌ കൊടുത്തുകൊണ്ടും ജനിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുമല്ല പട്ടിണിയും പ്രശ്നങ്ങളും പരിഹരിക്കേണ്ടത്‌. മികച്ച തൊഴിലവസരങ്ങളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന സംരംഭങ്ങളും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വ്വമായ വിനിയോഗവുമാണ്‌ സമൃദ്ധിയുടെ മാര്‍ഗ്ഗം. സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്‌ പുതിയ കമ്മീഷനുകളോ റിപ്പോര്‍ട്ടുകളോ അല്ല ആവശ്യം. നിലവിലുള്ളവ കാലവിളംബം കൂടാതെ നടപ്പാക്കാന്‍ സത്വര നടപടികള്‍ വേണം. ഓരോ വിഭാഗങ്ങള്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ നല്‍കണം. അവസരങ്ങളും അവകാശങ്ങളും നിഷേധിക്കുന്നിടത്താണ്‌ ഭീകരതയുടെ ആരംഭം. ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്‌ ഇസ്രയേല്‍ ചെയ്യുന്നത്‌. വന്‍ശക്തികളുടെ ഒത്താശയോടെയുള്ള കടന്നുകയറ്റവും ഭീകരാക്രമണങ്ങളും ശാശ്വതമായി അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ക്കിടയിലും വിവിധ വിഭാഗങ്ങള്‍ക്കിടയിലുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ മസ്ലഹത്ത്‌(തര്‍ക്ക പരിഹാര) കോടതികളിലൂടെ സാധ്യമാകുമെന്നും കാന്തപുരം ഉണര്‍ത്തി. മുസ്ലിം സംഘടനകളും സ്ഥാപനങ്ങളും മഹല്ലുകളും കൂട്ടായി ഇക്കാര്യത്തില്‍ മന്‍കയ്യെടുക്കേണ്ടതുണ്ട്‌. രാജ്യത്തെ നിലവിലുള്ള നിയമസംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള മസ്ലഹത്ത്‌ കോടതികള്‍ക്കു വേണ്ട ചര്‍ച്ചകള്‍ താജുല്‍ ഉലമയുടെ നേതൃത്വത്തിലുള്ള സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ നടത്തുമെന്നും അദ്ദേഹം അറിയിച്ചു

more pictuer and news of Markaz conf. 2009

1 comment:

prachaarakan said...

ഇസ്ലാമിക ശരീഅത്ത്‌ നിത്യപ്രസക്തമാണെന്നും ആ തത്വങ്ങളില്‍ കൈകടത്താനുള്ള ഒരു നീക്കവും മുസ്ലിം സമുദായം അനുവദിക്കില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു

Related Posts with Thumbnails