Thursday, January 8, 2009

പാക്കിസ്താന്‍ ഇന്ത്യയെ അക്രമിച്ചാല്‍ രാജ്യരക്ഷക്കായി മുസ്ലിംകള്‍ രംഗത്തിറങ്ങും: കാന്തപുരം

മംഗലാപുരം: അയല്‍ രാജ്യമായ പാക്കിസ്താന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ചാല്‍ ഭാരതനാടിന്റെ രക്ഷക്കായി ജീവാര്‍പ്പണം ചെയ്യാന്‍ ഇന്ത്യയിലെ മുസ്ലിം സമൂഹം മുന്നിലുണ്ടാകുമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. നെഹ്‌റു മൈതാനിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഭീകരവിരുദ്ധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംകള്‍ എന്ന നിലയില്‍ ലോകത്തുള്ള എല്ലാ വിശ്വാസികളും സഹോദരങ്ങളാണ്‌. പാക്കിസ്താന്‍ ഭരണാധികാരികള്‍ മുസ്ലിംകളാണെങ്കിലും ഇന്ത്യക്കെതിരെ രംഗത്തുവരുന്നത്‌ മതത്തിന്റെ പേരിലല്ല. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം വരുമ്പോള്‍ മുസ്ലിം അവന്റെ മാതൃരാജ്യത്തിനുവേണ്ടി പോരാടാന്‍ മുന്നോട്ടുവരും. ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന മുസ്ലിം, ഇന്ത്യയുടെ ഒരു തുണ്ട്‌ ഭൂമി പോലും കയ്യേറാന്‍ ഒരു വൈദേശിക ശക്തിയെയും അനുവദിക്കില്ല. ഇന്ത്യന്‍ മുസ്ലിം എന്നും ദേശീയതയും രാജ്യത്തിന്റെ അഖണ്ഡതയും കാത്തു സൂക്ഷിക്കാനാണ്‌ തുനിഞ്ഞിട്ടുള്ളത്‌. ഗാന്ധിജിയെ കൊന്നതടക്കം ഇന്ത്യയില്‍ നടന്ന ഒരു ഭീകര സംഭവത്തിലും ഒരു മുസ്ലിമിന്റെ പേര്‌ കാണാന്‍ കഴിയില്ല. സമീപകാലത്ത്‌ ചില സംഭവങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്ന മുസ്ലിം പേരുകള്‍ക്കൊന്നും ഇസ്ലാമിക സമൂഹവുമായി ഒരു ബന്ധവുമില്ല-?കാന്തപുരം വ്യക്തമാക്കി. തീവ്രവാദത്തെയും ഭീകരതയെയും നിരാകരിക്കുന്ന പ്രമേയം സമ്മേളനം തക്ബീര്‍ ധ്വനികളോടെ അംഗീകരിച്ചു. സമസ്ത പ്രസിഡന്റ്‌ താജുല്‍ ഉലമ സയ്യിദ്‌ അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

07/01/2009
www.ssfmalappuram.com

9 comments:

prachaarakan said...

അയല്‍ രാജ്യമായ പാക്കിസ്താന്‍ ഇന്ത്യയുമായി യുദ്ധം പ്രഖ്യാപിച്ചാല്‍ ഭാരതനാടിന്റെ രക്ഷക്കായി ജീവാര്‍പ്പണം ചെയ്യാന്‍ ഇന്ത്യയിലെ മുസ്ലിം സമൂഹം മുന്നിലുണ്ടാകുമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു.

നെഹ്‌റു മൈതാനിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ഭീകരവിരുദ്ധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

- സാഗര്‍ : Sagar - said...

ഒഹ്... അതിപ്പൊ ഇതിയാന്‍ പറഞ്ഞിട്ട് വേണോ അറിയാന്‍ ??

ബഷീർ said...

ആലിമുസ്ലിയാരുടെയും കുഞ്ഞാലി മരക്കാരുടെയും മമ്പുറം സയ്യിദ്‌ അലവി തങ്ങളുടെയും ഉമര്‍ ഖാളിയുടെയും സൈനുദ്ധീന്‍ മഖ്‌ ദൂമിന്റെയും പാതയാണു മുസ്ലിംങ്ങളുടെ പാത.

ഈ പ്രഖ്യാപനത്തിനു എല്ലാ പിന്തുണയും നേരുന്നു. ആശംസകള്‍ ..

ബാബുരാജ് said...

ശരിക്കും!!!!?
പ്രിയ സുഹൃത്തെ, ഇന്‍ഡ്യയെ പാകിസ്താന്‍ ഇതിനുമുന്‍പ്‌ ആക്രമിച്ചപ്പോഴും, ഓരോരോ വൃത്തികേടുകള്‍ ഇപ്പോള്‍ ചെയ്യുമ്പോഴും ഇന്‍ഡ്യക്കാരന്‍ എന്ന നിലയില്‍ നിലകൊള്ളുന്നവരാണ്‌ ബഹുഭൂരിപക്ഷം മുസ്ലീംകളും. പാകിസ്താന്‍ മുസ്ലീം രാഷ്ട്രമായതുകൊണ്ട്‌ നിലപാടെന്തായിരിക്കണമെന്നത്‌ അവര്‍ക്കാര്‍ക്കും ചിന്താവിഷയം ആകുന്നില്ല. മതനേതാക്കന്മാരെന്നു നടിക്കുന്ന ഇത്തരം ഉത്തരം താങ്ങി ഗൗളികളാണ്‌ പ്രശ്നക്കാര്‍. ഇവനൊക്കെ തീരുമാനിക്കുന്നതു പോലല്ലേ സാധാരണ പൗരന്‍ പ്രവര്‍ത്തിക്കുന്നത്‌? ആകട്ടെ, പാകിസ്താന്‍ മതത്തിന്റെ പേരില്‍ ഇന്‍ഡ്യയെ ആക്രമിച്ചാല്‍ കാന്തപുരത്തിന്റെ നിലപാടെന്താവും? പ്രമേയം തക്ബീര്‍ ധ്വനികളോടെ അംഗീകരിച്ചത്രെ,... ആകപ്പാടെ ഒരുരോമാഞ്ചം.

മുസാഫിര്‍ said...

ഇതു പ്രത്യേകം പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.ഡോ.സാക്കീര്‍ ഹുസൈനെയും ഡോ അബ്ദുള്‍ കലാമിനേയും പ്രസിഡന്റ്റുമാരായി തിരഞ്ഞെടുത്തപ്പോഴും എയര്‍ ചീഫ് മാര്‍ഷല്‍ ലതീഫിനെ വ്യോമസേനയുടെ തലവനായി അവരോധിച്ചപ്പോഴും അവരുടെ യോഗ്യത മാത്രമല്ലെ നോക്കിയിരുന്നുള്ളു.പാക്കിസ്ഥാന്‍ ഇനി ഒരു നൂറ്റാണ്ടു കഴിഞ്ഞാലും ആ നിലയിലേക്കു എത്തുമെന്ന് തോന്നുന്നില്ല.വിവരമുള്ളവരോട് അതു പറഞ്ഞറിയേക്കേണ്ട എന്നാണ് എന്റെ അഭിപ്രായം.

ഇഹ്സാൻ said...

എന്തേ കാന്തപുരം പറഞ്ഞത്‌ സാഗറിനും ബബു രാജിനും മനസിലായില്ലേ?.....

ഇന്ത്യൻ മുസ്‌ ലിംകൾ കാന്തപുരത്തിന്റെ വാക്കിനു കാതോർക്കുന്നവരാണെന്ന് ഇനിയും നിങ്ങൾക്ക്‌ മനസിലായിട്ടില്ലേ?

ബാബു രാജിന്റെ ചോദ്യത്തിനു കാന്തപുരത്തിന്റെ പ്രസ്താവനയിൽ വ്യക്തമായ ഉത്തരമുണ്ടല്ലോ....

ചില നേരത്ത്.. said...

എന്ന് പറയുന്നതിലും വലിയ ഒരു പോഴത്തമുണ്ടോ?

- സാഗര്‍ : Sagar - said...

കാന്തപുരം പറഞ്ഞത് മനസ്സിലായി... അതാണ്‌ പറഞ്ഞത് ഇതിപ്പൊ അതിയാന്‍ പറയാതെ അറിയാമെന്ന്...

പിന്നെ ഇന്ത്യന്‍ മുസ്ലീമുകള്‍ കാന്തപുരം പറയുന്നതിന്‌ കാതോര്‍ക്കുക മാത്രമാണോ അതോ അതു പോലെ അനുസരിക്കുകയും ചെയ്യുമോ ആവൊ ..

അങ്ങനെയെങ്കില്‍ അദ്ദേഹം വിചാരിച്ചാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലീം മതത്തില്‍ പെട്ടിരിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കുമല്ലൊ..

പിന്നെ
"പാകിസ്താന്‍ മതത്തിന്റെ പേരില്‍ ഇന്‍ഡ്യയെ ആക്രമിച്ചാല്‍ കാന്തപുരത്തിന്റെ നിലപാടെന്താവും? " എന്നത് ഒരു വളരെ ലോജിക്കല്‍ ആയിട്ടുള്ള ഒരു ചൊദ്യമായിട്ട് തോന്നുന്നു..

prachaarakan said...

സാഗര്‍,

അദ്ധേഹം പറഞ്ഞത്‌ കൊണ്ട്‌ വേറെ കുഴപ്പമൊന്നുമില്ലല്ലോ. മുസ്ലിംങ്ങള്‍ മൊത്തം രാജ്യസ്നേഹമില്ലാത്തവരെന്ന് അടച്ചാക്ഷേപിക്കുന്നവര്‍ക്കും ഇസ്ലാമിന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില തീവ്രവാദ പ്രസ്ഥാനത്തിന്റെ ആളുകള്‍ക്കും ഇത്തരം പ്രഖ്യാപനങ്ങള്‍ അസ്വസ്ഥയുണ്ടാക്കുമെന്ന് നമുക്ക്‌ കരുതാം

പിന്നെ കാന്തപുരവും അദ്ധേഹം നയിക്കുന്ന പ്രസ്ഥാനവും വിഘടന വാദതിനും തീവ്രവാദത്തിനും എതിരില്‍ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

നിഷ്പക്ഷ മതികളായവര്‍ക്ക്‌ അത്‌ മനസ്സിലാക്കാം.

ഈ ബ്ലോഗിലെ തന്നെ സൈ‍ഡ്‌ ബാറില്‍ ഉള്ള കാരന്തൂറെ കാശ്മീര്‍ എന്ന് ലേഖാന്മ്‌ കൂടി വായിക്കൂ
സന്ദര്‍ശിക്കൂ www.markazonline.com
ആശംസകള്‍

ശ്രീ. ബാബു രാജിന്റെ സംശയത്തിനുള്ള മറുപടി ഇവിടെ തന്നെയുണ്ടല്ലോ.

----ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന മുസ്ലിം.രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം വരുമ്പോള്‍ മുസ്ലിം അവന്റെ മാതൃരാജ്യത്തിനുവേണ്ടി പോരാടാന്‍ മുന്നോട്ടുവരും.---- ഇതാണു മുസ്ലിംങ്ങളുടെ നിലപാട്‌

അഭിപ്രായം എഴുതി അറിയിച്ച
sagar,
basheer
baburaj
musafir
ihsan
chila nerath

എല്ലാവര്‍ക്കും നന്ദി

Related Posts with Thumbnails