Wednesday, May 7, 2008

പ്രബോധനത്തിന്റെ ഖുര്‍ആന്‍ നിന്ദ



ജിദ്ദ: ജമാഅത്ത്‌ മുഖപത്രമായ പ്രബോധനത്തിന്റെ ഏപ്രില്‍ 19ലെ വിശുദ്ധഖുര്‍ആനെ നിന്ദിക്കുന്ന തരത്തിലുളള പരാമര്‍ശം വിവാദമാകുന്നു. വിശുദ്ധഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനെ മുട്ടത്തുവര്‍ക്കിയുടെ നോവല്‍ വായിക്കുന്നതിനോട്‌ ഉപമിച്ച പ്രബോധനത്തിന്റെ പരാമര്‍ശമാണ്‌ വിവാദമായിരിക്കുന്നത്‌. ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ അര്‍ത്ഥമറിയാതെയാണെങ്കില്‍ അതിന്‌ പ്രതിഫലം ലഭിക്കില്ലെന്ന്‌ മാത്രമല്ല, അത്‌ മുട്ടത്തുവര്‍ക്കിയുടെ നോവല്‍ വായിക്കുന്നതിന്‌ സമമായിരിക്കുമെന്നാണ്‌ ജമാഅത്ത്‌ മുഖപത്രത്തിന്റെ പുതിയ ലക്കത്തിലുള്ള വിവാദ പരാമര്‍ശം. പ്രബോധനത്തിന്റെ ചോദ്യോത്തര പംക്തിയിലാണ്‌ ഇത്തരമൊരു പരാമര്‍ശമുള്ളത്‌. ഇതിനെതിരില്‍ സുന്നി നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്റര്‍നെററിലും ഈ ഖുര്‍ആന്‍ നിന്ദക്കെതിരെ കടുത്ത പ്രതിഷേധം വ്യാപകമാകുകയാണ്‌. ജമാഅത്ത്‌ മുഖപത്രത്തിന്റെ ഹീനമായ ഈ പരാമര്‍ശം വ്യക്തമായ ഖുര്‍ആന്‍ നിന്ദയാണെന്നും ഇതിനെതിരില്‍ വിശ്വാസികള്‍ പ്രതികരിക്കണമെന്നും സുന്നി ദഅ്‌വാ കോര്‍ഡിനേഷന്‍ ഇന്റര്‍നെററില്‍ ആഹ്വാനം ചെയ്തു.


നെററിലെ പ്രതിഷേധക്കുറിപ്പില്‍ നിന്ന്‌:

ഇസ്ലാമികാധ്യാപനങ്ങളെക്കറിച്ച്‌ ഒരു വിവരവുമില്ലാത്തവരുടെ ജല്‍പനം മാത്രമാണിത്‌. വിശുദ്ധഖുര്‍ആന്‍ പഠിക്കലും, പഠിപ്പിക്കലും പുണ്യവും പ്രതിഫലവുമുള്ള സല്‍ക്കര്‍മ്മങ്ങളാണ്‌. എന്നാല്‍ ഖുര്‍ആന്‍ പാരായണമാകട്ടെ ഏറെ പ്രാധാന്യമുള്ള പ്രതിഫലാര്‍ഹമായ പുണ്യകര്‍മ്മമാണ്‌. 'ഖുര്‍ആന്‍' എന്നതിന്റെ അര്‍ത്ഥം തന്നെ 'പാരായണം ചെയ്യപ്പെടുന്നത്‌' എന്നാണ്‌. ഖുര്‍ആനിന്‌, ഒരു 'പാരായണ ശാസ്ത്രം' തന്നെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്‌. അര്‍ത്ഥമറിഞ്ഞ്‌ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ കൂടുതല്‍ പ്രതിഫലാര്‍ഹമാണെന്നതില്‍ ആര്‍ക്കം തര്‍ക്കമില്ല. എന്നാല്‍ പ്രതിഫലാര്‍ഹമാകുന്നതിന്‌ അര്‍ത്ഥമറിയണമെന്ന നിബന്ധന ജമാഅത്തിന്റെ പല കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും പുതിയതാണ്‌. പ്രവാചകാധ്യാപനത്തില്‍ അത്തരമൊരു നിബന്ധന പറഞ്ഞിട്ടില്ല എന്നിരിക്കെ സാധാരണക്കാരെ വിശുദ്ധഖുര്‍ആനില്‍ നിന്നും അകറ്റുകയാണോ ഇവരുടെ ലക്ഷ്യമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകളായി മുസ്ലിം ഉമ്മത്ത്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത്‌ അര്‍ത്ഥം മുഴുവന്‍ പഠിച്ചശേഷമല്ല. മു സ്ലിംകളെല്ലാവരും ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യാറുണ്ട്‌. അവര്‍ക്കാര്‍ക്കം പ്രതിഫലം ലഭിക്കില്ലെന്നത്‌ ചെകുത്താന്റെ വേദോപദേശമാണ്‌. പ്രവാചക തിരുമേനി(സ) പഠിപ്പിച്ചു: "അല്ലാഹുവിന്റെ കിതാബില്‍ നിന്ന്‌ ഒരക്ഷരം ഉരുവിടുന്നത്‌ ഒരു നന്മയാണ്‌. ഓരോ നന്മയും പത്തായി ഇരട്ടിക്കുന്നു. അലിഫ്‌-ലാം-മീം എന്ന വാക്യം ഒരു നന്മക്കല്ല സമാനമാകുന്നത്‌. മൂന്ന്‌ നന്മകളാണ്‌ ഇതിലൂടെ ലഭിക്കന്നത്‌" (തിര്‍മുദി 2910). വിശുദ്ധഖുര്‍ആന്‍ പറയുന്നു: "ഖുര്‍ആനില്‍ നിന്ന്‌ നിങ്ങള്‍ക്കാവുന്നത്ര ഓതുക" (മുസ്സമ്മില്‍-20)


വസ്തുത ഇതായിരിക്കെ, ജമാഅത്ത്‌ മുഖപത്രത്തിന്റെ ഈ ഖുര്‍ആന്‍ നിന്ദ കൊടും പാതകമായി നാം കാണുന്നു. മുട്ടത്തുവര്‍ക്കിയുടെ നോവലിനോട്‌ വിശുദ്ധഖുര്‍ആനെ ഉപമിച്ച ജമാഅത്ത്‌ പത്രത്തിന്റെ യഥാര്‍ത്ഥമുഖം വിശ്വാസികള്‍ തിരിച്ചറിയണമെന്ന്‌ ജിദ്ദ സുന്നി ദഅ്‌വാ കോര്‍ഡിനേഷന്‍ ആഹ്വാനം ചെയ്യുന്നു. ഖുര്‍ആന്‍ നിന്ദയില്‍ ഖേദം പ്രകടിപ്പിച്ച്‌ ജനങ്ങളോട്‌ മാപ്പുപറയാന്‍ ജമാഅത്തെ ഇസ്ലാമി തയ്യാറാകണം. ചിന്തിക്കുന്ന ജമാഅത്ത്‌ പ്രവര്‍ത്തകരോടും മാതൃസംഘടനയുടെ ഖുര്‍ആന്‍ നിന്ദയെ അപലപിക്കാന്‍ ആവശ്യപ്പെടുന്നു.ഖുര്‍ആന്‍ നിന്ദക്കെതിരെയുളള ഈ ആഹ്വാനം ഗള്‍ഫില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ ജമാഅത്ത്‌ അണികളില്‍ നിന്ന്‌ സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. അധിക പേരും പ്രബോധനത്തിന്റെ പച്ചയായ ഖുര്‍ആന്‍ നിന്ദ ശരിയായില്ലെന്ന്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ ചിലര്‍ പരസ്യമായി സ്വന്തം മുഖ പത്രത്തെ ന്യായീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. പൊതുവെ ജമാഅത്ത്‌ അണികളില്‍ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും വരുത്തിവെച്ചിരിക്കുകയാണ്‌ പ്രബോധനത്തിലെ വിവാദ പരാമര്‍ശം

പ്രബോധനത്തില്‍ വന്ന ചോദ്യവും ഉത്തരവും താഴെ.. (attache above)

ചോദ്യം :പരിശുദ്ധ ഖുര്‍ ആന്‍ ഓതുന്നത മഹത്തായ പ്രതിഫലത്തിന്‌ കാരണമാവുമെന്ന വിശ്വാസത്തില്‍ മുസ്ലിംകള്‍ പാരായണം ചെയ്ത്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഒോരോ മുസ്‌ ലിമും ഖുര്‍ ആന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുന്നത്ര ശ്രമിക്കേണ്ടതുമാണ്‌. എന്നാല്‍ ഒരു ഖുര്‍ ആന്‍ പഠന ക്ലാസില്‍ ഒരു ഖതീബ്‌ ഖുര്‍ ആന്‍ അര്‍ത്ഥമറിയാതെ ഓതുന്നതും മുട്ടത്ത്‌ വര്‍ക്കിയുടെ നോവല്‍ വായിക്കുന്നതും തുല്യമാണ്‌ എന്ന് പറഞ്ഞത്‌ എത്രമാത്രം ശരിയാണ്‌ (Rafeeq Peerinthalmanna)


ഉത്തരം :ചിന്തിക്കനും ഓര്‍ക്കാനുമായി ഖുര്‍ ആനെ നാം ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ചിന്തിക്കാനും ഓര്‍ക്കാനും ആളുണ്ടോ (വി.ഖു ) ഖു ര്‍ ആന്‍ ആവര്‍ത്തിച്ച ചോദ്യമാണിത്‌. ചിന്തിക്കണമെങ്കില്‍ ആശയമറിഞ്ഞിരിക്കണം. വെറുതെ ഓതാന്‍ തന്റെ ഗ്രന്ഥം അല്ലാഹു അവതരിപ്പിച്ചതായി ഒരു സൂചനയും എവിടെയും ഇല്ല. മുട്ടത്ത്‌ വര്‍ക്കിയുടെയൊ മറ്റാരുടെതായാലും അര്‍ത്ഥമറിയാതെ ഒരു നോവലും ആരും പാരായണം ചെയ്യാറില്ല. ഖുര്‍ ആന്‍ സാമാന്യമായി മനസ്സിലാക്കന്‍ ആശയ വിവര്‍ത്തനങ്ങള്‍ എല്ലാ ഭാഷയിലും സുലഭമായിരിക്കെ അര്‍ത്ഥമറിയാത്ത പാരായണത്തിന്‌ എന്ത്‌ ന്യായം ?. മനസ്സില്‍ മറ്റെന്തോ ഓര്‍ത്ത്‌ ഖുര്‍ ആന്‍ വചനങ്ങള്‍ ഉരുവിടുന്നത്‌ പ്രതിഫലാര്‍ഹമാവുന്നതെങ്ങിനെയെന്ന് പലവട്ടം ചിന്തിക്കണം ( പ്രബോധനം, 1429 റ ആഖിര്‍ )
Related Posts with Thumbnails